തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും എറണാകുളം കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വച്ച് എസ്.എഫ്.ഐക്കാർ മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തുവെന്ന് ആരോപണം. സംഭവം നടന്നതു കഴിഞ്ഞ 21നാണെങ്കിലും കഴിഞ്ഞദിവസമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതായും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചതായും കാലടി സിഐ സജി മര്‍ക്കോസ് അറിയിച്ചു.
യുവതി ഒരു വര്‍ഷം മുന്‍പാണ് സര്‍വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങിയത്. ഇപ്പോൾ ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. തന്നെയും സുഹൃത്തിനേയും ആക്രമിച്ച നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പേര് പൊലീസിന് നൽകിയ പരാതിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്. സർവ്വകലാശാലയിൽ കലോത്സവത്തിന് എത്തിയ താൻ രാത്രി പരിപാടികള്‍ കഴിഞ്ഞ് ക്യാംപസിലെ കൂത്തമ്പലത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയെന്നും അതില്‍ ഒരു സുഹൃത്തിനോട് സംസാരിച്ച് ഇരിക്കുമ്പോൾ പതിനഞ്ചോളം വരുന്ന സംഘം അടുത്തെത്തി ചോദ്യം ചെയ്തുവെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ശേഷം ബാഗ് തട്ടിപ്പറിച്ചതായും പെൺകുട്ടി പറയുന്നു. ബാഗിനുള്ളില്‍ നിന്നും ലാപ്ടോപ്പും വസ്ത്രങ്ങളും ബാഗില്‍നിന്നും വലിച്ച് താഴെയിട്ട് അപമാനിച്ചുവെന്നും പ്രതികരിക്കാന്‍ ശ്രമിച്ച സുഹൃത്തിനെ കൂട്ടം ചേര്‍ന്ന് അവര്‍ മര്‍ദിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആദ്യം പരാതിപ്പെടാതിരുന്നത് പേടികൊണ്ടാണെന്നും യുവതി വ്യക്തമാക്കുന്നു.
Post Your Comments