കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി മണികണ്ഠനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് പോലീസിനെ വട്ടം കറക്കുകയാണ് മുഖ്യ പ്രതി പള്‍സര്‍ സുനി. നടിയുടെ വീഡിയോകളും ചിത്രങ്ങളും പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് സുനി വെളിപ്പെടുത്താത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്.
ഉപദ്രവിച്ചതിനുപുറമേ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നടിയുടെ മൊഴി. എന്നാല്‍ വിചാരണക്കോടതിയിലെത്തുമ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഫോണ്‍ നശിപ്പിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തിയാല്‍ത്തന്നെ കുറ്റകൃത്യം നടന്നുവെന്ന വാദം ഉറപ്പിക്കാന്‍ കഴിയും. എന്നാലതും ലഭിച്ചിട്ടില്ല. എന്നാൽ മൊബൈല്‍ വലിച്ചെറിഞ്ഞുവെന്നാണ് സുനി പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പോലീസ് പരിശോധന നടത്തിയെങ്കിലും നിര്‍ണ്ണായക തെളിവായ ഫോണ്‍ കണ്ടെത്താനായില്ല. പ്രതികളെ മുഴുവന്‍ കസ്റ്റഡിയില്‍ കിട്ടിയതോടെ മൊബൈല്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കൂട്ടുപ്രതിയായ മണികണ്ഠന്‍ തന്നെ സംഭവം നടന്നതായി വിശദീകരിച്ചാല്‍ പള്‍സര്‍ സുനിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ നശിപ്പിച്ചതിനുള്ള തെളിവു ലഭിച്ചാലും അത് നിര്‍ണ്ണായകമായിരിക്കും. അത് ലഭിക്കാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടയാണ്. സുനിയും വിജീഷുമായി തെറ്റിപ്പിരിഞ്ഞ മണികണ്ഠന്‍ പിടിയിലായശേഷം നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കിയിരുന്നു. മണികണ്ഠന്‍ ചോദ്യംചെയ്യലില്‍ നല്ല രീതിയില്‍ സഹകരിച്ചു. ഇയാളില്‍നിന്നാണ് പ്രതികളുടെ കോയമ്പത്തൂര്‍ പീളമേട് ബന്ധത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരംകിട്ടിയത്.
താനടക്കമുള്ളവരെ ചതിയില്‍പ്പെടുത്തി സുനി കേസില്‍ കുടുക്കുകയാണെന്ന പരാതിയും മണികണ്ഠനുണ്ട്. കേസ് തെളിയിക്കുന്നതിനായി മറ്റ് ഫൊറന്‍സിക് തെളിവുകളും പോലീസ് ശേഖരിച്ചു. നടിയുടെ വസ്ത്രങ്ങളില്‍നിന്നും മറ്റും ലഭിച്ച സ്രവങ്ങള്‍ നിര്‍ണായകമാകും. ദൃശ്യങ്ങള്‍ കണ്ടെത്താനായില്ലെങ്കില്‍ ഡി.എന്‍.എ., വിരലടയാളം പരിശോധന നടത്തും. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
ആരുടെയെങ്കിലും ഫോണില്‍ ദൃശ്യങ്ങളെത്തിയാല്‍ത്തന്നെ അത് പോലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ദൃശ്യങ്ങള്‍ മറ്റാര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ ഐ.ടി. ആക്ട് പ്രകാരം അവര്‍ കേസില്‍ കുടുങ്ങുമെന്ന മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.
Post Your Comments