KeralaNews

രോഗികള്‍ക്ക് ആശ്വസിക്കാം; സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല; കാരണം ഇതാണ്

തൃശൂര്‍: സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള ഇനി അധികാലം ഉണ്ടാകില്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിക്കാനും കൊടിയ ചൂഷണം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. വന്‍കിട സ്വകാര്യ ആശുപത്രിക്കാര്‍ ചികിത്സക്കെത്തുന്നവരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ എല്‍.ഡി.എഫ് സര്‍ക്കാർ പുതിയ നിയമനിര്‍മാണത്തിനുള്ള ശ്രമം ആരംഭിച്ചു. ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് എന്ന പേരിലുള്ള ബില്‍ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇത് ഒരുപാട് കാലമായി ചര്‍ച്ച ചെയ്യുന്നതും സാധാരണക്കാര്‍ ആഗ്രഹിക്കുന്നതുമായ നിയമനിര്‍മാണമാണ്. ഇപ്പോൾ കേരളത്തില്‍ 65 ശതമാനം രോഗികളും സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് പൊതു ആരോഗ്യമേഖല ശക്തമാണ്. പക്ഷെ അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാരുകളെല്ലാം സ്വകാര്യമേഖലക്ക് സഹായകമാകുന്ന നടപടികളാണ് കൈക്കൊണ്ടത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുതുജീവന്‍ വരുന്നത് എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മാത്രമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ പൊതു ആരോഗ്യ മേഖലയുടെ ഉന്നമനത്തിന് നിരവധി പദ്ധതികളും നടപ്പാക്കുകയാണ്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ബില്‍ ഉടനെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരും. ഇതു നിയമസഭ പാസാക്കിയാല്‍ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തില്‍ സാമൂഹ്യമായ ഇടപെടലിനും നിയന്ത്രണത്തിനും സര്‍ക്കാരിന് അവകാശമാകും. ബില്‍ നിയമമാകുന്നതോടെ ഫീസ് നിരക്കുകള്‍ ക്ളാസിഫിക്കേഷന്‍ അനുസരിച്ച് സ്വകാര്യ ആശുപത്രികളില്‍ ഏകീകരിക്കേണ്ടി വരും.

ശസ്ത്രക്രിയകള്‍ക്കുവരെ നിരക്കില്‍ പൊതുപരിധി നിശ്ചയിക്കേണ്ടി വരും. അതുപോലെ ഹൃദ്രോഗികള്‍ക്ക് ആവശ്യമുള്ള സ്റ്റെന്റിന്റെ വില കമ്പനികള്‍ കുറച്ചിട്ടും അതിന്റെ പ്രയോജനം രോഗികള്‍ക്ക് കിട്ടുന്നില്ല. പരിശോധനകളുടെയും ഡോക്ടര്‍മാരുടെ ഫീസിന്റെയും തിയറ്റര്‍ ചാര്‍ജിന്റെയുമെല്ലാം പേരില്‍ ഉയര്‍ന്ന തുകതന്നെ ഈടാക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയകളിലും മുട്ടുമാറ്റിവയ്ക്കലിലുമെല്ലാം കടുത്ത കൊള്ളയാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button