Prathikarana Vedhi

തപാല്‍ വഴി നീന്തല്‍ പഠിച്ചവര്‍ ഇതിലും ഭേദം;അപഹാസ്യരാകുന്ന അഖിലേന്ത്യ നേതാക്കളും കാലഹരണപ്പെടുന്ന പ്രത്യയശാസ്ത്രവും;കഠ്ജുവിന്റെ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍

രഞ്ജിത്ത് ഏബ്രഹാം തോമസ്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ബ്രാക്കറ്റില്‍ ഒരു മാര്‍ക്സിസ്റ്റ് , അതാണ് സിപിഐഎം എന്ന അഖിലേന്ത്യാ പാര്‍ട്ടി ! അഖിലേന്ത്യാ എന്നു പറഞ്ഞാല്‍ ഇന്ത്യയുടെ പത്തിലൊന്നുപോലുമില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. എന്നുകരുതി മോശമാകാന്‍ പാടില്ലല്ലോ…! സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഠേയ കഠ്ജുവിന്റെ ഒരു ചോദ്യത്തെ തുടര്‍ന്നുള്ള കഷ്ടകാലം വിപ്ളവ പാര്‍ട്ടിയെ സാരമായി ബാധിച്ച മട്ടാണ്. അടുത്ത കാലത്ത് ചോദ്യം കുട്ടി സഖാക്കളോട് ആയിരുന്നെങ്കിലും ഉത്തരം പറയേണ്ട ബാദ്ധ്യത മൂത്ത സഖാക്കന്‍മാര്‍ക്ക് കൂടിയുണ്ട്. തന്നെ കാണാനെത്തിയ ഡിവൈഎഫ്ഐ നേതാക്കളോട് ത്രിലോക പരിജ്ഞാനിയായ കഠ്ജുവിന്റെ ചോദ്യം ”എന്താണ് ഡിവൈഎഫ്ഐ ?” എന്നായിരുന്നു. കഠ്ജുവിന് മുമ്പില്‍ പകച്ചു പോയ അഖിലേന്ത്യാ പ്രസിഡന്റ് റിയാസന്റെ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ‘ഹൃദയഭേദകം’ എന്നല്ലാതെ മറ്റൊരു വാക്കില്ല. ഒരു കാലത്ത് ചരിത്രപരമായ വിഡ്ഢിത്തം കാട്ടിയതുകൊണ്ട് മാത്രം രാജ്യം ഭരിക്കാന്‍ സാധിക്കാതെ പോയ അഖിലേന്ത്യാ പാര്‍ട്ടിയുടെ ദേശീയ യുവജന നേതാക്കളോടാണ് ഈ ചോദ്യം എന്ന് ബഹുമാനപ്പെട്ട കഠ്ജു ഓര്‍ത്തില്ലേ എന്ന് നമുക്ക് പരിതപിക്കാം…

പക്ഷേ,ഈ ചോദ്യം വിരല്‍ ചൂണ്ടുന്നത് ചോദ്യത്തിനപ്പുറമുള്ള ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്.
1. സിപിഎം എന്നത് വെറുമൊരു പ്രാദേശിക പാര്‍ട്ടി മാത്രമാണ്.
2 കാലഹരണപ്പെട്ട നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ ആധുനിക ഭാരതം ശ്രദ്ധിക്കുന്നില്ല.
ഇനി കഠ്ജു – റിയാസ് വിഷയത്തിലേക്ക് മടങ്ങി വരാം, വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തില്‍ വിരല്‍തുമ്പിലാണ് ലോകം. മുന്‍കൂട്ടി അനുവാദം വാങ്ങി ചില രാഷ്ട്രീയ നേതാക്കള്‍ തന്നെ കാണാന്‍ വരുമ്പോള്‍ എന്തുകൊണ്ട് കഠ്ജുവിനെ പോലൊരു മനുഷ്യന്‍ അവര്‍ ആരാണെന്നോ എന്താണെന്നോ നേരത്തെ അറിഞ്ഞു വച്ചില്ല? വിഐപികള്‍ എന്ന് സ്വയം വിശ്വസിച്ച് തന്റെ അടുക്കല്‍ എത്തിയവരെ ഇംഗ്ളീഷിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? ഈ ചോദ്യങ്ങള്‍ക്കുള്ള അദ്ദേഹത്തിന് മാത്രമേ അറിയൂ എങ്കിലും ചില നിഗമനങ്ങളില്‍ നമുക്ക് എത്താം.

എല്ലാ ദിവസവും പത്രവും ടിവിയും കാണുന്ന ഒരാളെ സംബന്ധിച്ചടത്തോളം സിപിഎമ്മും ഡിവൈഎഫ്ഐയും എന്താണെന്ന് തീര്‍ച്ചയായും അറിയാം. ആ അറിവുകള്‍ തന്നെയാണ് ഈ പ്രസ്ഥാനത്തെ വെറുക്കാനും അവരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തുന്ന പാര്‍ട്ടി, നാല് പേര് കൂടുന്നിടത്തെല്ലാം യൂണിയന്‍ ഉണ്ടാക്കി അനാവശ്യ പണിമുടക്കുകള്‍ സൃഷ്ടിക്കുന്ന പാര്‍ട്ടി, നോക്കുകൂലി ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കി സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന പാര്‍ട്ടി, ഇഷ്ടാനുസരണം ആരുടെ ഭൂമിയിലും കൊടികുത്തി സ്വയം കോടതിയാകുന്ന പാര്‍ട്ടി, തങ്ങളുടെ നയങ്ങളെ എതിര്‍ക്കുന്നവരെ വെട്ടിക്കൊല്ലാന്‍ പോലും മടിക്കാത്ത കാപാലികരുടെ പാര്‍ട്ടി, രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയ കൊലപാതകം നടത്തിയ അംഗങ്ങളുള്ള പാര്‍ട്ടി, വൈരുദ്ധ്യാത്മക ഭൗതീക വാദത്തിന്റെ മറവില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ തല്‍പ്പര കക്ഷികള്‍ അണിചേരുന്ന പാര്‍ട്ടി. സിപിഎമ്മിനെ പറ്റി ഇത്രയും രൂക്ഷമായ വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ആരോപിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാന്‍ പോലും ആ പാര്‍ട്ടിക്ക് കഴിയാതെ വരുന്നു.
പ്രത്യേകിച്ചും, വര്‍ത്തമാന കാലഘട്ടത്തില്‍ ആ പാര്‍ട്ടിയുടെ പല നടപടികളും വിമര്‍ശന വിധേയമാവുകയും ചെയ്യുന്നു.

രാഷ്ട്രം, രാഷ്ട്രബോധം ഇതൊക്കെ ദേശീയതയുടെ ഭാഗമാകുമ്പോള്‍ ആ ദേശീയതയെ എതിര്‍ക്കുന്ന നിലപാടുകളല്ലേ ഈ പാര്‍ട്ടിയുടെ യുവനേതാക്കള്‍ സ്വീകരിച്ചതെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് കനയ്യകുമാര്‍ എന്ന രാജ്യദ്രോഹിക്ക് ഡിവൈഎഫ്ഐക്കാര്‍ നല്‍കിയ അഖിലേന്ത്യാ സ്വീകരണം. രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച ഒരു ക്രിമിനലിനെ രക്തഹാരം അണിയിച്ച് ആനയിക്കുമ്പോള്‍ രക്തം പൊടിഞ്ഞത് ഇന്നാട്ടിലെ ദേശസ്നേഹികളുടെ ചങ്കില്‍ നിന്നാണ്. പാര്‍ലമെന്റ് അക്രമണകേസിലെ അഫ്സല്‍ ഗുരുവിന് വേണ്ടി വാദിച്ചവര്‍ക്ക് എന്ത് ദേശീയ ബോധം? ലോകം വെറുക്കുന്ന സദ്ദാം ഹുസൈന്റെ ഫോട്ടം പിടിച്ച് അന്തര്‍ ദേശീയ വികാരം ഉണര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്ഐക്കാര്‍ ആ സമയം കൊണ്ട് നാല് അക്ഷരം പഠിച്ചിരുന്നെങ്കില്‍ കഠ്ജുവിന് മുമ്പില്‍ വിയര്‍ക്കില്ലായിരുന്നു. നൂറ് ശതമാനം സാക്ഷരതയെന്ന് ഉള്‍പുളകം കൊള്ളുന്ന സാക്ഷര കേരളത്തിന്റെ അഹന്തക്കേറ്റ തിരിച്ചടി കൂടിയാണ് റിയാസിന്റെ അപ്പോഴത്തെ മൗനം. അല്ല ഒരു സംശയം, മലയാളി ആയിട്ടു കൂടി ഇംഗ്ളീഷ് സംസാരിക്കുന്ന കാരാട്ട് സഖാവിന് കുട്ടി സഖാക്കള്‍ക്ക് ഒരു ട്യൂഷന്‍ എടുത്തു കൂടെ? അതോ തപാല്‍ വഴി നീന്തല്‍ പഠിക്കുന്നതു പോലെയാണോ നിങ്ങളുടെ സ്റ്റഡി ക്ളാസുകള്‍? യുവത്വം എന്നത് തിരുത്തല്‍ ശക്തിയാകേണ്ട കാലഘട്ടമാണ്. അല്ലാതെ , തിരുത്തലുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യേണ്ട സമയമല്ല. ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് വൈകിയെങ്കിലും വിവേകം ഉദിച്ചിരുന്നെങ്കില്‍….!

shortlink

Related Articles

Post Your Comments

Related Articles


Back to top button