പാറ്റ്‌ന : മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി. ജെഡിയു എംഎല്‍എയുടെ പരാതിയിന്‍മേലാണ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചതിനും ഓണ്‍ലൈനില്‍ അധിക്ഷേപ പരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന്റെയും പശ്ചാത്തലത്തില്‍ ബുധനാഴ്ച ജില്ലാ കോടതിയില്‍ മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ പരാതി ഫയല്‍ ചെയ്യുകയായിരുന്നു.
മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ രാജ്യദ്രോഹക്കുറ്റമായ 124A യും മറ്റ് ഐപിസി വകുപ്പുകളും ഉള്‍ക്കൊള്ളിച്ച് ശാസ്ത്രീനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസെടുത്തത്. ബീഹാറിനെയും ഏറ്റെടുക്കാമെന്ന വ്യവസ്ഥയില്‍ മാത്രം കശ്മീരിനെ പാകിസ്താന് നല്‍കിയാല്‍ മതിയെന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. പോസ്റ്റിനെതിരെ ഡെപ്യുട്ടി മുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി, ജെഡിയു നേതാവ് കെ സി ത്യാഗി, ശ്യാം രാജക് എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് താന്‍ ബീഹാറിനെ കുറിച്ച് തമാശ പറഞ്ഞതാണെന്ന് മാര്‍ക്കണ്ഡേയ കട്ജു വിശദീകരണം നല്‍കിയിരുന്നു.
Post Your Comments