കൊച്ചി: പള്‍സര്‍ സുനി അറസ്റ്റിലായെങ്കിലും ഇപ്പോഴും പല ചോദ്യങ്ങൾക്കും ഉത്തരം ലഭ്യമായിട്ടില്ല. ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടാനാണ് നടിയെ തട്ടിക്കൊണ്ടുപോയതെന്ന സുനിയുടെ മൊഴി വിശ്വസിക്കാനാവില്ല. നടിയുടെ പരാതിയിലെ ചില പരാമര്‍ശങ്ങളും കൂട്ടുപ്രതികള്‍ നല്‍കിയ മൊഴിയും ഇത് മറ്റാരോ ആസൂത്രണംചെയ്ത ക്വട്ടേഷനാണെന്ന സൂചനയാണ് നല്‍കുന്നത്.
നടിയിടെ മൊഴിയിൽ ഒരു സ്ത്രീയുടെ ക്വട്ടേഷനാണിതെന്ന് സുനി പറഞ്ഞെന്ന് ഉണ്ട്. ഇതാരെന്ന ചോദ്യത്തിന്, താന്‍ വെറുതെ ഭയപ്പെടുത്താന്‍ പറഞ്ഞതാണെന്നാണ് സുനി പറയുന്നത്. സുനി മാര്‍ട്ടിനൊഴികെയുള്ള കൂട്ടുപ്രതികളെ വിളിച്ചത് ക്വട്ടേഷന്‍ ഇടപാടാണെന്ന് പറഞ്ഞാണ്. സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സഹകരിച്ചില്ലെങ്കിൽ തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുമെന്നും അവിടെ പത്തിരുപത് പേരുണ്ടാകുമെന്നും മയക്കുമരുന്ന് കുത്തിവെയ്ക്കുമെന്നുമൊക്കെ സുനി നടിയോട് പറഞ്ഞിരുന്നു. പക്ഷെ ഇതെല്ലാം ഇപ്പോള്‍ സുനി നിഷേധിക്കുകയാണ്.
സംഭവശേഷം ഒരു വീടിന്റെ മതില്‍ചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഒരു സുഹൃത്തിനെ കാണാന്‍ പോയതാണെന്നും ഇയാള്‍ മദ്യലഹരിയിലായതിനാല്‍ വിളിച്ചിട്ട് വാതില്‍ തുറന്നില്ലെന്നുമാണ് സുനിയുടെ മൊഴി. പക്ഷെ വാതില്‍ തുറക്കാത്ത സുഹൃത്തിന്റെ വീടിനു മുന്നില്‍ സുനി ഇരുപത് മിനിറ്റോളം ചിലവിട്ടു എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധിനഗര്‍ ഭാഗത്ത് മറ്റൊരു ഫ്‌ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചും പോലീസ് മൗനംപാലിക്കുകയാണ്.
മുന്‍കൂര്‍ ജാമ്യത്തിന് സുനി അപേക്ഷനല്‍കിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ്. പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. ഇത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന സംശയം പോലീസിനുണ്ട്. അഭിഭാഷകരുടെ പിന്തുണയോടുകൂടിയാണ് സുനി കീഴടങ്ങാന്‍ എത്തിയത്. മറ്റാരുടെയെങ്കിലും തുണയില്ലാതെ പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയില്‍ ഇതെല്ലാം സുനിക്ക് ഏര്‍പ്പാടാക്കാനാവില്ല. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. സുനിയിലും കൂട്ടുപ്രതിയിലും കേസൊതുങ്ങുന്ന മട്ടിലാണിപ്പോള്‍ കാര്യങ്ങൾ നീങ്ങുന്നത്.
Post Your Comments