Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsIndia

മഹാരാഷ്ട്രയും ഒറീസ്സയും രാജ്യത്തിന് നല്‍കുന്ന സൂചനകള്‍ : കോണ്‍ഗ്രസ് നാമാവശേഷമാകുന്നതിന്റെ മരണമണി യു.പിയില്‍ നിന്നാകുമോ ?

മഹാരാഷ്ട്രയിലും ഒറീസ്സയിലും അടുത്തിടെ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ വേണ്ടത്ര അവഗാഹതയോടെയും ഗൗരവത്തിലും ആരെങ്കിലും വിശകലനം ചെയ്തതായി കണ്ടില്ല. രണ്ട് സംസ്ഥാനങ്ങളിലും ഏതാണ്ടൊക്കെ ഒരേ സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത് ; ഫലം പുറത്തുവന്നത് കുറച്ചുദിവസങ്ങളുടെ വ്യത്യാസത്തില്‍ ആണെന്നുമാത്രം. തെരഞ്ഞെടുപ്പുഫലം ഏതാണ്ടെല്ലാവരും അറിഞ്ഞുകഴിഞ്ഞതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. സീറ്റുകള്‍ എത്ര എന്നതൊക്കെ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഞാന്‍ വിലയിരുത്തുന്നത്, ഇതൊരു ചൂണ്ടുപലകയാണ് എന്നാണ് ; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചൂണ്ടുപലക.

 

ഇന്ത്യയില്‍ കോണ്‍ഗ്രസ് യുഗം അസ്തമിക്കുന്നു എന്നത് പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. 1975- ലെ തിരഞ്ഞെടുപ്പ് ഓര്‍മ്മയുള്ളവര്‍ ഉണ്ടാവും. അന്നും പലരും കോണ്‍ഗ്രസിനെ എഴുതിത്തള്ളിയിരുന്നു. ഇനി കോണ്‍ഗ്രസ് തിരിച്ചുവരില്ലെന്ന് അന്നും തീരുമാനിച്ചുറച്ചവരുണ്ട്. പക്ഷെ, കോണ്‍ഗ്രസിന് തിരിച്ചുവരാനായി. അതിനു കാരണം ബദല്‍ രാഷ്ട്രീയശക്തിക്ക് നിലനില്പില്ലാതായതുകൊണ്ടാണ്. ജനത പാര്‍ട്ടിയുടെ തകര്‍ച്ച ചരിത്രത്തിന്റെ ഭാഗമാണല്ലോ. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. കോണ്‍ഗ്രസിന് ബദലായി വളര്ന്നവര്‍ ഇവിടെ കരുത്തരാണ്. അത് ബിജെപിയാണ് ; ബിജെപിയെ ആശയപരമായി നയിക്കുന്നത് ആര്‍ എസ് എസാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ഒരു പക്ഷെ ചിലയിടങ്ങളില്‍ ചില തളര്‍ച്ചയൊക്കെ ഇടക്കെല്ലാം സംഭവിക്കാം; എന്നാല്‍ ജനത പാര്‍ട്ടിക്ക് സംഭവിച്ചതുപോലുള്ള ഒരു തകര്‍ച്ച ഈ പ്രസ്ഥാനത്തിന് ഉണ്ടാവാന്‍ പോകുന്നില്ല. ആ വിശ്വാസം ജനങ്ങള്‍ക്കുണ്ട്; അതവര്‍ നെഞ്ചിലേറ്റുന്നു.

മറ്റൊന്ന്, ബിജെപിയെ എതിര്‍ക്കാന്‍ ഇന്നാരാണുള്ളത് എന്ന ചോദ്യമാണ്. മഹാരാഷ്ട്രയില്‍ ശിവസേനയാണ് രണ്ടാം സ്ഥാനത്ത് . അതും ഒരു ഹൈന്ദവ പ്രസ്ഥാനം. ശരിയാണ്, ശിവസേനയുടെ നിലപാടുകളും പോക്കുമെല്ലാം ആശ്വാസകരമല്ല. ബാലാസാഹേബ് താക്കറെയുടെ കാലഘട്ടത്തില്‍ നിന്നും അത് വളരെയേറെ അകന്നുപോയിരിക്കുന്നു. ഒറീസ്സയില്‍ ബിജെഡിയാണ് ഒന്നാമത് ; ബിജെപി രണ്ടാമതും. അവിടെ മറ്റൊരു പ്രസ്ഥാനത്തിന് നിലനില്പില്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് നാടുനീങ്ങിക്കഴിഞ്ഞു ഒറീസയുടെ മണ്ണില്‍ നിന്നും. ഞാനോര്‍ക്കുന്നു, 1980 -കളുടെ ആദ്യപാദത്തിലാണ്. ഞാനന്ന് വിദ്യാര്‍ഥിമോര്‍ച്ച കാര്യകര്‍ത്താവ് ; യുവമോര്‍ച്ചയുടെ ദേശീയനിര്‍വ്വാഹകസമിതിയില്‍ അംഗവുമാണ്. അക്കാലത്ത് ഒറീസ്സയില്‍ വെച്ച് യുവമോര്‍ച്ച ദേശീയ നിര്‍വാഹകസമിതിയുടെ ഒരു യോഗം നടന്നിരുന്നു. ഒറീസ്സയിലെയും ദക്ഷിണേന്ത്യയിലെയും മറ്റും പ്രവര്‍ത്തനം ശക്തമാക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നീക്കമായിരുന്നു. അന്ന് അതിനായി അവിടെ എത്തുമ്പോള്‍ പരിതാപകരമായിരുന്നു അവസ്ഥ. റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ തുടര്‍ യാത്രക്കുള്ള ഏര്‍പ്പാടുണ്ടാവും എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. പക്ഷെ അവിടെ ആരുമില്ല. മൊബൈല്‍ ഫോണ്‍ ഒന്നുമില്ലാത്ത കാലം. അന്വേഷിക്കുമ്പോള്‍ ടാക്‌സിക്കാര്‍ക്ക് ബിജെപി ഓഫിസും അറിയില്ല. പിന്നീട് എങ്ങിനെയോ എത്തിപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ . ഒരു ചെറിയ ബിജെപി ഓഫിസ് ; അതുമായി താരതമ്യം ചെയ്താല്‍ എറണാകുളത്തെ പഴയ ബിജെപി സംസ്ഥാനകമ്മിറ്റി ഓഫീസ്, ദ്രൗപതി ബില്‍ഡിങ്, എത്രയോ മഹത്തരം. ഒറീസയിലെ ഓഫിസില്‍ നാഥനുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നുമാത്രം പറയാവുന്ന അവസ്ഥ. യുവമോര്‍ച്ചക്ക് അന്ന് അവിടെ സംസ്ഥാനകമ്മിറ്റിയുണ്ട്. എന്നാല്‍ എല്ലാ ജില്ലകളിലും കമ്മിറ്റിയില്ല. ദേശീയ നിര്‍വാഹക സമിതിക്കായി ഒരുക്കിയ സ്ഥലം, താമസ സൗകര്യം എന്നിവയൊക്കെ പറയാതിരിക്കുകയാണ് ഭേദം. ആ സംസ്ഥാനത്താണ് ഇന്നിപ്പോള്‍ ഇത്രവലിയ മാറ്റം, രാഷ്ട്രീയമായ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്. പല സംസ്ഥാനങ്ങള്‍ക്കും, കേരളത്തിനടക്കം, അതൊക്കെ പാഠമാവേണ്ടതാണ്. ഒറ്റമനസോടെ ഒരേ സമ്പ്രദായത്തില്‍ മുന്നോട്ടുനീങ്ങിയതിന്റെ പ്രയോജനമാണ് അവിടെയുണ്ടായത് എന്നതില്‍ തര്‍ക്കമില്ല. കഴിവുള്ളവരെ അംഗീകരിക്കാനും പുറമെനിന്നും വരുന്നവരെയടക്കം സ്വീകരിക്കാനും ആദരിക്കാനും കൂടെ നിര്‍ത്താനും ഒക്കെ ഒരു മനസ് വേണമല്ലോ. അന്ന് വിശാലമായ മനസ് തുറന്നിട്ടുകൊണ്ട് ബിജെപിക്ക് അടിത്തറ പാകിയവര്‍ എന്ന് എത്രമാത്രം സന്തോഷിക്കുന്നുണ്ടാവണം………. പലര്‍ക്കും ഇത് ചൂണ്ടുപലകയാണ്.

മറ്റൊന്ന്, യുപി തിരഞ്ഞെടുപ്പാണ്. അവിടെ കുറെ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയുടെ വിജയത്തെ തടയാന്‍ ശ്രമിക്കുന്നു. പലതരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്തിട്ടാണ് അഖിലേഷ് യാദവ് കോണ്‍ഗ്രസിനെ കൂടെ കൂട്ടിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയാനും ബിജെപിയെ പ്രതിരോധിക്കാന്‍ തക്ക കരുത്തുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അതിലൂടെ കഴിയുമെന്ന് അദ്ദേഹം ചിന്തിച്ചിരിക്കണം. പക്ഷെ ആ കണക്കുകൂട്ടലുകള്‍ വിജയിച്ചിരുന്നില്ല എന്നാണ് യുപിയില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവര്‍ നല്‍കിയ സൂചനകള്‍. താഴെ തട്ടില്‍ രണ്ടു പാര്‍ട്ടികള്‍ക്കും ഒന്നിച്ചുനീങ്ങാനായിട്ടില്ല എന്നും പലയിടത്തും, എന്തിനേറെ റായ് ബറേലിയില്‍ പോലും, രണ്ടുപേരും പരസ്പരം മത്സരിക്കുന്നു എന്നതും കാണാതെ പൊയ്ക്കൂടല്ലോ. മഹാരാഷ്ട്ര – ഒറീസ്സ ഫലങ്ങള്‍ തീര്‍ച്ചയായും യുപി വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കുക തന്നെചെയ്യും. കോണ്‍ഗ്രസ് ഒരു എടുക്കാച്ചരക്കാണ് എന്നത് അഖിലേഷിനും മുലായം ഷിങ് യാദവിനും ബോധ്യമായത് യുപിയിലെ സമ്മതിദായകര്‍ക്കു മനസിലാവില്ല എന്ന് കരുതേണ്ടതില്ലല്ലോ. മറ്റൊന്ന്, ഏറ്റവും പ്രധാനം, പ്രിയങ്ക ഗാന്ധിയുടെ പിന്നാക്കം പോക്കാണ്. യുപിഎ ഇളക്കിമറിക്കാന്‍ പ്രിയങ്കയുണ്ട് എന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞിരുന്നത് എന്നതോര്‍ക്കുക. പക്ഷെ ഒരേ ഒരു മണ്ഡലത്തില്‍ മാത്രമാണത്രെ അവരെത്തിയത്. രാഹുല്‍ ഗാന്ധിയെപ്പോലെയല്ല അവര്‍ എന്ന് കോണ്‍ഗ്രസുകാര്‍ പറയാറുണ്ട്. പ്രിയങ്കയ്ക്ക് ബുദ്ധിയുണ്ട് എന്ന്. അതുകൊണ്ടാവണം അവര്‍ ഓടി രക്ഷപ്പെട്ടത്.

ഏറ്റവുമൊടുവില്‍, യുപിയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധി കണ്ടെത്തിയ ഷീല ദീക്ഷിത് പറഞ്ഞതുകൂടി ഒന്ന് ശ്രദ്ധിക്കൂ. ‘ രാഹുലിന് ഇനിയും പക്വത ആയിട്ടില്ല; നിങ്ങള്‍ കുറച്ചുകൂടി ക്ഷമിക്കൂ’ എന്നാണ് അവര്‍ ഇന്നലെ പറഞ്ഞത്. രാഹുലിന് വയസ്സ് 47 ആകും, അടുത്ത മൂന്നുമാസത്തിനകം. ഇനി എന്നാണോ അദ്ദേഹത്തിന് പക്വത കൈവരുന്നത്?. ഗതികേട്ടിട്ടാവണം ഷീല ദീക്ഷിത് ഇതൊക്കെ പരസ്യമായി പറഞ്ഞത്; എന്താ ചെയ്യുക, അവരുടെ പക്ഷത്തുനിന്ന് കൊണ്ട് ഒന്നാലോചിച്ചുനോക്കൂ. പൊതുപ്രവര്‍ത്തനത്തിനു വരുന്നവര്‍ക്ക് കുറച്ചു ബാലപാഠങ്ങളുണ്ട്. സമരം, പ്രക്ഷോഭങ്ങള്‍, ജനങ്ങളുമായി ഇടപെടല്‍ ……….. ചിലതൊക്കെ സൂചിപ്പിച്ചുവെന്നു മാത്രം. അങ്ങിനെവേണം നേതാവ് ഉയര്‍ന്നുവരാന്‍; അങ്ങിനെവേണം നേതാവ് നേതാവാവാന്‍. ഇതൊന്നുമില്ലാത്ത ഒരാളെ തലയിലേറ്റി നടക്കുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് പറയുന്നില്ല. കാരണം എ കെ ആന്റണിയും വിഎം സുധീരനും ചെന്നിത്തലയും അടക്കമുള്ള ഈ കോണ്‍ഗ്രസുകാരെല്ലാം നാളെ ബിജെപിയില്‍ അണിചേരേണ്ടവരാണ്. കോണ്‍ഗ്രസ് യുഗം അവസാനിച്ചു എന്ന് മാത്രമല്ല, ആ കക്ഷിയുടെ രാഷ്ട്രീയ അന്ത്യത്തിന് നാളുകള്‍ ഏറെയില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാണ് 1977 -80 കാലഘട്ടമല്ല ഇന്നുള്ളത് എന്ന് നേരത്തെ ഓര്‍മ്മിപ്പിച്ചത്. കര്‍ണാടകയില്‍ നിന്നും മന്ത്രിമാരും എംഎല്‍സിമാരും മറ്റും ചേര്‍ന്ന് ഏതാണ്ട് 600 കോടി രൂപ പിരിച്ചുകൊണ്ടുകൊടുത്തത് ആര്‍ക്കാണ് എന്നത് ‘ടൈംസ് നൗ’ പോലുള്ള പ്രമുഖ ചാനലുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ഒരു കുടുംബം ഇന്നിപ്പോള്‍ ആ പഴയ മഹാ പ്രസ്ഥാനത്തിന്റെ ശവക്കുഴി തോണ്ടിയിരിക്കുന്നു. എന്തായാലും നമുക്ക് കാത്തിരിക്കാം, ഷീല ദീക്ഷിത് പറഞ്ഞതല്ലേ, രാഹുല്‍ മോന് ബുദ്ധിയും ബോധവും ഉദിക്കട്ടെ ….

കെ.വി.എസ്.ഹരിദാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button