കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പൊലീസിന് കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് സമയം കണക്കുകൂട്ടിയതില്‍വന്ന പാളിച്ച. 1.10ഓടെ മജിസ്‌ട്രേറ്റ് ഉച്ചഭക്ഷണത്തിനു പോയി. എന്നാല്‍ 1.20ഓടെയാണ്് പള്‍സര്‍ സുനിയും സഹായി വിജേഷും കോടതിയില്‍ എത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്കില്‍ ഹെല്‍മറ്റ് വച്ചാണ് ഇരുവരും കോടതിയിലെത്തിയത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറിലുള്ള പ്രതിക്കൂട്ടിലേക്ക് ഇരുവരും ഓടിക്കയറുകയായിരുന്നു. ഉച്ചയായതിനാല്‍ കോടതിയില്‍ അധികം തിരക്കുണ്ടാകുകയില്ലെന്നും പൊലീസിന്റെ കണ്ണുവെട്ടിക്കാമെന്നുമുള്ള കണക്കുകൂട്ടലാണ് അല്‍പം വൈകിയതോടെ പാളിയത്. കോടതി പിരിയുന്ന സമയം കണക്കുകൂട്ടുന്നതില്‍ സുനിക്കും വിജീഷിനും അവരുടെ അഭിഭാഷകനും സംഭവിച്ച വീഴ്ചയാണ് സുനിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. പ്രതികള്‍ എത്തിയ കാര്യം അഭിഭാഷകന്‍ കോടതി ജീവനക്കാര്‍ വഴി മജിസ്ട്രേറ്റിനെ അറിയിച്ചു. താന്‍ ഓപ്പണ്‍ കോടതിയില്‍ എത്തുമ്പോള്‍ പ്രതികളുടെ അപേക്ഷ പരിഗണിക്കാമെന്നാണ് മജിസ്ട്രേറ്റ്് അറിയിച്ചത്. ഈ സമയം പ്രതികള്‍ കോടതി മുറക്കുള്ളില്‍തന്നെയായിരുന്നു. കോടതി പരിസരത്ത് മഫ്തിയില്‍ പോലീസിനെ നിയോഗിച്ചിരുന്നു.
കീഴടങ്ങല്‍ അപേക്ഷ കോടതി കൂടിയശേഷം പരിഗണിക്കാമെന്ന വിവരം മജിസ്ട്രേറ്റ് അറിയിച്ചത് അറഞ്ഞയുടന്‍ പോലീസ് സംഘം ചാടി വീണ് പ്രതിക്കൂട്ടില്‍ നിന്നിരുന്ന സുനിയെയും വിജീഷിനെയും തൂക്കിയെടുക്കുകയായിരുന്നു. ബലംപ്രയോഗിച്ച് പോലീസിനെ ചെറുക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും പോലീസ് സംഘം ഇരുവരെയും വലിച്ചിഴച്ച് പോലീസ് ജീപ്പിലേക്ക് കൊണ്ടുപോയി. ഇവരുടെ അഭിഭാഷകന്റെ പ്രതിഷേധവും പോലീസ് ചെവിക്കൊണ്ടില്ല. കോടതി പിരിഞ്ഞ സമയമായിരുന്നതിനാല്‍ സുനിയും കൂട്ടാളിയും കീഴടങ്ങിയിരുന്നില്ലെന്നും തങ്ങള്‍ ചെയ്തത് നിയമപരമായി തെറ്റല്ലെന്നുമാണ് പോലീസിന്റെ നിലപാട്. ഇരുവരുടെയും അപേക്ഷ ചേംബറില്‍ വച്ച് മജിസ്ട്രേറ്റ് പരിഗണിച്ചിരുന്നെങ്കില്‍ പോലീസിന് ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ കഴിയുമായിരുന്നില്ല.
Post Your Comments