ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് അല്ലെന്ന് സര്‍ക്കാര്‍. രോഹിത് വെമുലയുടെ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിന് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
രോഹിത് വെമുല വദേര വിഭാഗത്തില്‍പ്പെട്ട ആളാണ്. ഇത് മറച്ചുവെച്ച് ദളിത് വിഭാഗത്തില്‍പ്പെട്ട മാല എന്ന സമുദായമാണെന്ന് അവകാശപ്പെട്ട് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി എന്നുമാണ് അരോപണം. രാധിക വെമുല ദളിത് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അത് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ ഭരണകൂടം നടത്തിയ വിശദ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരമാണ് രോഹിതും അമ്മയും ദളിത് വിഭാഗത്തില്‍പെടുന്നില്ലെന്ന് വ്യക്തമായതായി ഗുണ്ടുര്‍ ജില്ലാ കളക്ടര്‍ കാന്തിലാല്‍ ദണ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ മാർഗ്ഗത്തിലൂടെയാണ് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നേടിയതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയപരിധിയ്ക്കുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാത്ത പക്ഷം, ഇവരുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും ഇവരെ ഒബിസി വിഭാഗത്തില്‍ പെടുന്നവരായി പ്രഖ്യാപിക്കുകയും ചെയ്യും. നേരത്തെ രോഹിത് വെമുല ദളിതന്‍ തന്നെയാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കന്തിലാല്‍ ദണ്ഡേ ദേശീയ പട്ടിക ജാതി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗുണ്ടൂര്‍ തഹസില്‍ദാറുടെ കൈവശമുള്ള ഔദ്യോഗിക രേഖകള്‍ പരിശോധിച്ചതില്‍ മാല എന്ന ഹൈന്ദവ പിന്നോക്ക ജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് രോഹിതെന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments