ചെന്നൈ: അണ്ണാ ഡിഎംകെ എംഎൽഎമാർ എവിടെയാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരം തേടി പോലീസും റവന്യു ഉദ്യോഗസ്ഥരും മഹാബലിപുരം കൂവത്തൂരിലുള്ള ഗോൾഡൻ ബേ റിസോർട്ടിൽ പരിശോധന നടത്തി. നാല് സംഘങ്ങളായി നടത്തിയ പരിശോധനയിൽ ഓരോ എംഎൽഎയും പ്രത്യേകം കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞതായാണ് സൂചന. എംഎൽഎമാരിൽ നിന്നും വിവരങ്ങൾ എഴുതി വാങ്ങിയതായും സൂചനയുണ്ട്.
ഓരോരുത്തരോടും അവരെ തടങ്കലിൽ വെച്ചിരിക്കുകയാണോ അതോ സ്വമേധയാ താമസിക്കുകയാണോ എന്നും പീഡിപ്പിക്കുന്നുണ്ടോ എന്നും അന്വേഷിച്ചതായി കാഞ്ചീപുരം അഡീഷണൽ ഡിഎസ്പി തമിഴ്സെൽവൻ പറഞ്ഞു. പരിശോധനയ്ക്ക് ശേഷം എംഎൽഎമാരായ കലാശപക്കം വി. പനീർസെൽവം, ചെയ്യാർ കെ. മോഹൻ എന്നിവർ പുറത്തെത്തി മാധ്യമപ്രവർത്തകരെ കാണുകയും തങ്ങളെ ആരും ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ തടങ്കലിൽ വെച്ചിട്ടില്ലെന്നും വ്യക്തമാക്കി.
Post Your Comments