KeralaNews

ലോ അക്കാദമി; സ്ഥലം തിരിച്ചെടുക്കാൻ കലക്ടർക്കു നിർദേശം

തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി കോളേജിന്റെ അധിക ഭൂമി തിരിച്ചെടുക്കാൻ കലക്ടർക്ക് നിർദേശം. കോളേജ് വളപ്പിൽ വാണിജ്യാവശ്യം മുൻനിർത്തി റസ്റ്ററന്റും സഹകരണ ബാങ്ക് ശാഖയും പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇവ ഒഴിപ്പിച്ച് ഈ സ്ഥലം തിരിച്ചെടുക്കാനാണ് കലക്ടർക്കു മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശം ലഭിച്ചത്. ഭൂമി പതിച്ചു നൽകിയതിന്റെ വ്യവസ്ഥ ലംഘിച്ചതിനാലാണ് ഈ നടപടി. മാത്രമല്ല അക്കാദമിക്ക് അവകാശമില്ലാത്ത പുറമ്പോക്കിൽ നിർമിച്ചിരിക്കുന്ന മുഖ്യകവാടം ഒഴിപ്പിക്കാനും മന്ത്രി നിർദേശിച്ചു.

അക്കാദമി രൂപീകരണ സമയത്തു നിയമ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു പതിച്ചുനൽകിയ സർക്കാർ ഭൂമിയായിരുന്നു അത്. എന്നാൽ ആ ആവശ്യങ്ങൾക്കായി പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഉപയോഗിക്കാത്ത ഈ ഭൂമി തിരികെ എടുക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെ അഭിപ്രായം തേടി അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശിച്ചു. പത്ത് ഏക്കറോളം ഭൂമി വിനിയോഗിച്ചിട്ടില്ലെന്നും നിയമവകുപ്പുമായി ആലോചിച്ച് ഇതു സർക്കാരിനു തിരിച്ചെടുക്കാമെന്നുമാണു പി.എച്ച്.കുര്യൻ ശുപാർശ ചെയ്തത്.

1984ലാണ് ഈ ഭൂമി പതിച്ചുകിട്ടിയത്. അതിനു ശേഷം ലോ അക്കാദമിയുടെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിട്ടുണ്ടോ, അതു ചട്ടപ്രകാരമാണോ എന്നു ജില്ലാ റജിസ്ട്രാർ പരിശോധിക്കേണ്ടതുണ്ടെന്ന നിർദേശത്തോടെ മന്ത്രി ജി.സുധാകരനു റവന്യൂ മന്ത്രി ഫയൽ കൈമാറി. അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ടു വി.എസ്.അച്യുതാനന്ദൻ, വി.മുരളീധരൻ, സി.എൽ.രാജൻ എന്നിവർ നൽകിയ പരാതിയിന്മേലാണ് അന്വേഷണം നടത്തി മന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചത്.

28 സെന്റ് പുറമ്പോക്കിലാണ് അക്കാദമിയിലേക്കുള്ള മുഖ്യകവാടവും മതിലും പണിതിരിക്കുന്നത്. പുന്നൻ റോഡിൽ ലോ അക്കാദമി റിസർച് സെന്റർ നിലനിൽക്കുന്ന ഭൂമി വിലയ്ക്കു വാങ്ങിയതായതിനാൽ അതിന്റെ പൂർണ അവകാശം സൊസൈറ്റിക്കാണ്. 11 ഏക്കർ 49 സെന്റ് സ്ഥലമാണ് 1968ൽ ലോ അക്കാദമിക്കു പാട്ടത്തിനു നൽകിയത്. ഇതിന്റെ വിനിയോഗത്തിനായി പ്രത്യേക സമയപരിധി നിശ്ചയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button