Latest NewsNewsIndia

പടക്ക നിരോധനം സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം: സുപ്രീം കോടതി

ഡൽഹി: പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. ദീപാവലി സമയത്തും മറ്റ് ആഘോഷങ്ങളുമായും ബന്ധപ്പെട്ട് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവുകൾ പാലിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദ്ദേശം നൽകി.

രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാർ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരി​ഗണിക്കവെയാണ് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്.

ഡല്‍ഹിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യം, ഇനി വിട്ടുവീഴ്ച അനുവദിക്കാനാകില്ല: സുപ്രീം കോടതി

ഡൽഹിയിൽ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിർദ്ദേശം മാത്രമാണ് ആവശ്യമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പടക്ക നിരോധനം സംബന്ധിച്ച ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാണെന്നും നിലവിൽ അത് ഡൽഹി-എൻസിആറിൽ മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും വാദത്തിനിടെ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

തുടർന്ന്, എല്ലാ സംസ്ഥാനങ്ങളും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനാവശ്യമായ ‌നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാനമെന്നും കൂട്ടിച്ചേർത്തു. പാരിസ്ഥിതിക വിഷയങ്ങളിൽ കോടതിക്ക് മാത്രമേ കടമകൾ ഉള്ളൂ എന്ന തെറ്റായ ധാരണ നിലനിൽക്കുന്നുണ്ടെന്നും വായുവും ശബ്ദ മലിനീകരണവും നിയന്ത്രിക്കേണ്ടത് എല്ലാവർക്കും വേണ്ടിയാണെന്നും ജസ്റ്റിസ് സുന്ദ്രേഷ് ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button