വിഷപാമ്പുകള്‍ക്കൊപ്പം ആളുകൾ ജീവിക്കുന്ന ഒരു ഗ്രാമം. കേൾക്കുമ്പോൾ അവശ്വസനീയമായി തോന്നാം. എന്നാൽ സത്യമാണ്. വെസ്റ്റ് ബംഗാളിലെ ബുര്ദ്വാന് ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇത്തരം ഒരു കൗതുക വാർത്ത പുറത്തുവരുന്നത്. ഇവിടുത്തെ ഏഴ് ഗ്രാമങ്ങളിലെ ജനങ്ങള്‍ അഞ്ച് നൂറ്റാണ്ടായി ഘോരസര്പ്പങ്ങളോടൊപ്പമാണ് കഴിഞ്ഞു വരുന്നത്. ഈ ഗ്രാമപ്രദേശങ്ങളിലെ പാടത്തും പറമ്പിലും മുതല്‍ അടുക്കളയിലും കിടപ്പുമുറികളിലും വരെ പാമ്പുകള്‍ ചീറ്റിക്കൊണ്ട് കയറി ഇറങ്ങുന്നു. മാത്രമല്ല നാഗദേവിയ്ക്ക് വേണ്ടി ജ്വഹന്ങ്കേശ്വരി ക്ഷേത്രം എന്ന പേരില്‍ അമ്പലം വരെ ഇന്നാട്ടുകാര് നിര്‍മ്മിച്ചിട്ടുണ്ട്.
നാട്ടില്‍ ഇത്രത്തോളം വിഷപാമ്പുകൾ ഉണ്ടെങ്കിലും അവ മനുഷ്യരേയോ മൃഗങ്ങളെയോ കടിയ്ക്കാറില്ല. അതിനെ ആരെങ്കിലും ശല്യപ്പെടുത്തുകയോ അതിന്റെ മേല്‍ ചവിട്ടുകയോ ചെയ്താലല്ലാതെ ഒരുപദ്രവവും പാമ്പില്‍ നിന്ന് ഉണ്ടാവില്ല. പാമ്പ് കടിച്ചാല്‍ തന്നെ വൈദ്യന്റെ അടുത്തേയ്ക്കോ ഡോക്ടറുടെ അടുത്തേയ്ക്കോ ഞങ്ങള്‍ ഓടാറില്ല. അഥവാ ഇത്തരത്തിൽ ആരെയെങ്കിലും കടിച്ചാല്‍ അവിടുള്ള കുളത്തില്‍ ഒന്ന് കാല് മുക്കുകയും ഒരു ദിവസം ഉപവസിക്കുകയും ചെയ്താല്‍ മതി വിഷം താനേ ഇറങ്ങുമെന്നാണ് ഗ്രാമവാസികൾ പറയുന്നത്. പിന്നീട് യാതൊരു അസ്വസ്ഥതകളും ഉണ്ടാവില്ലെന്ന് ജ്വഹന്ങ്കേശ്വരി ക്ഷേത്രത്തിലെ പൂജാരി പറയുന്നു.
ഇതിനിടെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്ന് വിദഗ്ധര്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ ഗ്രാമത്തിലുള്ളത് തികച്ചും അപകടകരവും മാരക വിഷമുള്ളതുമായ പാമ്പുകളാണെന്ന് അവര്‍ കണ്ടെത്തി. പക്ഷെ പാമ്പിന്റെ കടി എന്തുകൊണ്ടാണ് ആളുകള്‍ക്ക് ഏല്ക്കാത്തതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദൈവികമായ എന്തോ ഒന്നാണ് ഇതിന് പിന്നിലെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
സാധാരണ രീതിയിൽ പാമ്പുകള്‍ ജനങ്ങളെ കാണുമ്പോൾ ഓടിയൊളിക്കാറുണ്ട്. എന്നാൽ ആ ഗ്രാമത്തിലെ പാമ്പുകൾ അങ്ങനെ ചെയ്യാറില്ല. ഇത് ആളുകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ബെഹുള, ലോകിന്തര് എന്നിവരാണ് നാട്ടില്‍ നിലനില്‍ക്കുന്ന ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങള്‍. ലോകിന്തറിന് ഒരിക്കല്‍ പാമ്പ് കടിയേറ്റപ്പോള്‍ ഭാര്യ ബെഹൂള നാഗദേവിയോട് യാചിച്ച് ഭര്‍ത്താവിന്റെ ശരീരത്തില്‍ നിന്ന് വിഷം പൂര്‍ണ്ണമായും തിരിച്ചെടുപ്പിച്ചു. അന്ന് ദേവി ബെഹൂളയ്ക്ക് കൊടുത്ത വാക്കിന്പ്രകാരമാണ് ഇന്ന് ഈ ഏഴ് ഗ്രാമത്തിലെ ആളുകള്‍ക്ക് വിഷപാമ്പുകളുടെ കടിയേല്ക്കാത്തതെന്നാണ് ഇവരുടെ വിശ്വാസം.
Post Your Comments