തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷഹാന ബീഗത്തേയും ഇവരുടെ ഡ്രൈവറായ എ.ജെ പ്രവീണ്‍ കുമാറിനേയുമാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സെക്രട്ടേറിയറ്റിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കാനാണ് ഷഹാനാ ബീഗം എത്തിയത്. ഈ സമയം കരാറുകാരനില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങിയെന്ന് ചിലര്‍ മന്ത്രിയുടെ ഓഫീസിലറിയിച്ചു. തുടര്‍ന്ന് ആ സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും കരാറുകാരന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കാറിനകത്തേക്ക് പണം നല്‍കുന്നതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുകയും ചെയ്തു. മറ്റൊരാള്‍ ഡ്രൈവര്‍ക്ക് പണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൈക്കൂലി നല്‍കിയ കോണ്‍ട്രാക്ടര്‍ സിജോ (ആലീസ് ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം) എന്നയാളുടേയും ഇയാളുടെ കൂടെയുണ്ടായിരുന്നവരുടേയും കൈക്കൂലി വാങ്ങിയവരുടേയും പേരില്‍ കേസെടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സസ്‌പെന്‍ഷനിലായ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ അനധികൃത സമ്പാദ്യത്തെ പറ്റി അന്വേഷിക്കണമെന്നും വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും വിജിലന്‍സിന് നിര്‍ദ്ദേശമുണ്ട്.
Post Your Comments