ലക്ഷ്മിനായരുടെ പിടിവാശിക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണോ? ഇന്നു നടന്ന സമരങ്ങള്‍ കാണുമ്പോള്‍ അതാണ് തോന്നുന്നത്. നിയമപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടക്കുന്ന സമരത്തിനുനേരെ സര്‍ക്കാര്‍ മുഖം തിരിക്കുമ്പോള്‍ ആത്മാഭിമാനമുള്ള യുവജനങ്ങള്‍ പ്രതിഷേധം ശക്തമാക്കും. അതാണ് ഇപ്പോള്‍ ലോ അക്കാദമിയില്‍ സംഭവിക്കുന്നത്. പട്ടികജാതി അധിക്ഷേപത്തിനു ജാമ്യമില്ലാ വകുപ്പുപ്രകാരം ലക്ഷ്മിനായര്‍ക്കെതിരേ കേസെടുത്തിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അവരെ പൊലീസ് അറസ്റ്റ്ചെയ്തിട്ടില്ല. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും അവരെ രാജിവെപ്പിക്കണമെന്ന ആവശ്യത്തില്‍ തുടരുന്ന സമരത്തോടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ലോ അക്കാദമി സമരം സര്‍ക്കാരിന്റെ കൈവിട്ടുപോയിരിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കഴിവുകേടും സ്വജനപക്ഷപാതവുമാണ് ഇവിടെ തെളിയുന്നത്.
ലക്ഷ്മിനായര്‍ എന്ന ഒരു സ്ത്രീ ഇടതുസര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തുകയാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ഒരു സരിതാ നായര്‍ ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിനായര്‍ അതിനെക്കാള്‍ ഭീകരമായി ഈ സര്‍ക്കാരിനെ വിരല്‍തുമ്പില്‍ നിയന്ത്രിക്കുകയാണെന്നു തെളിഞ്ഞിരിക്കുകയാണ്. ഈ അവസരത്തില്‍ യഥാര്‍ഥ പ്രതിപക്ഷത്തിന്റെ ദൗത്യം ഏറ്റെടുത്ത് സമരരംഗത്തുള്ള ബി.ജെ.പിയെ അഭിനന്ദിച്ചുകൊണ്ട് എല്‍.ഡി.എഫിലെയും യു.ഡി.എഫിലും മിക്കവാറും രാഷ്ട്രീയകക്ഷി നേതാക്കളും എത്തിയിരിക്കുന്നു.
സത്യഗ്രഹസമരം ശക്തമാക്കിയിട്ടും അവഗണിക്കുന്ന സര്‍ക്കാരിന്റെ ശ്രദ്ധ തിരികെ കൊണ്ടുവരാനാണ് ഇന്ന് യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. യഥാര്‍ഥത്തില്‍ യുവാക്കളുടെ ജീവന്‍വെച്ച് പന്താടുകയാണ് സര്‍്ക്കാര്‍ ചെയ്യുന്നത്. ഇന്ന് ഉച്ചയോടെ എ.ബി.വി.പി പ്രവര്‍ത്തകനായ വിദ്യാര്‍ഥി മരത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് സബ് കലക്ടറുടെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വൈകുന്നേരത്തോടെ ഈ വിദ്യാര്‍ഥിയെ ഫയര്‍ഫോഴ്സ് താഴെ ഇറക്കിയത്. ഇതിനിടെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്‍ ദേഹത്ത് പെട്രോളൊഴിച്ചു വീണ്ടും പ്രതിഷേധമുയര്‍ത്തി. ചുരുക്കത്തില്‍ ഒരുമാസമായി നീളുന്ന സമരത്തെ യാഥാര്‍ഥ്യബോധത്തോടെ മനസിലാക്കുന്നതിലും പരിഹാരമുണ്ടാക്കുന്നതിലും പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ ഏതെങ്കിലും യുവാവിന്റെ മരണം കണ്ടേ അടങ്ങൂ എന്നാണ് വാശിയെങ്കില്‍ അധികകാലം ആ കസേരകള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്നു സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു.
മൂക്കിന്‍ തുമ്പില്‍ ഇത്രവലിയൊരു പ്രശ്നം നിലനിന്നിട്ടും ആ സമരവേദിയിലേക്ക് പോകാനോ വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ഒരു മന്ത്രിപോലും അങ്ങോട്ട് പോയിട്ടില്ല. സി.പി.എമ്മിലെ ഒരു ജനപ്രതിനിധിപോലും സമരം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. സമരത്തില്‍ പങ്കെടുത്തിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചപ്പോള്‍ എല്ലാം അവസാനിക്കുമെന്ന് സി.പി.എം കരുതി എന്നതാണ് അവര്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. എസ്.എഫ്.ഐ പിന്‍മാറിയപ്പോള്‍ പൂര്‍വാധികം ശക്തമായി സമരം തുടരുകയാണ്. ഉന്നയിച്ച ഓരോ ആവശ്യങ്ങളിലും തീരുമാനമാകാതെ ആരും തന്നെ ആ സമരത്തില്‍നിന്നും ഇനി പിന്‍മാറുമെന്നും സര്‍ക്കാര്‍ ചിന്തിക്കേണ്ടതില്ല.
Post Your Comments