കോട്ടയം: ദൃശ്യം സിനിമയുടെ മാതൃകയില്‍ വഴിതെറ്റിക്കപ്പെട്ട ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ്. പിതാവിനെ കൊലപ്പെടുത്തിയ മകനെ അറസ്റ്റ് ചെയ്ത പൊലീസിനു കേസ് തെളിയിക്കാനായത് അത്യന്തം ശ്രമകരമായിരുന്നു. മുട്ടമ്പലം നഗരസഭാ ക്വാര്‍ട്ടേഴ്‌സില്‍ രാജപ്പന്‍(65)എന്ന ആളെ കൊലപ്പെടുത്തിയ മകന്‍ വിനോദി(38)നെ പൊലീസ് അറസ്റ്റ് ചെയ്തു.
തന്റെ വീടിന്റെ വാരാന്തയില്‍ പിതാവ് രാജപ്പന്‍ മരിച്ചുകിടക്കുന്നുവെന്നു വിനോദ് ഭാര്യയയെയും കുട്ടികളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസെത്തി മൃതദേഹ പരിശോധന നടത്തുകയും അസ്വഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. എന്നാല്‍ ചവിട്ടേറ്റതുമൂലമുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ പൊലീസ് വിനോദിനെയും ഭാര്യയെയും മക്കളെയും ചോദ്യം ചെയ്തു. രാജപ്പന്‍ രാത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് തങ്ങള്‍ അര്‍ധരാത്രിവരെ ജനറല്‍ ആശുപത്രിക്കു മുന്നിലാണ് കഴിഞ്ഞതെന്നും തിരിച്ചുവരുമ്പോള്‍ രാജപ്പന്‍ മരിച്ചുകിടക്കുകയായിരുന്നുവെന്നും മൂന്നുപേരും ഒരുപോലെ മൊഴി നല്‍കി.
ഒടുവില്‍ കുട്ടികളെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്തപ്പോഴും അവരും മൊഴിയില്‍ ഉറച്ചുനിന്നു. എന്നാല്‍ മുതിര്‍ന്നവര്‍ പഠിപ്പിച്ചു നല്‍കിയപോലെ മൊഴി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ട പൊലീസ് കുട്ടികളെ വിരട്ടിയപ്പോഴാണ് രാത്രി രാജപ്പനും വിനോദും തമ്മില്‍ അടിയുണ്ടായതായി കുട്ടികള്‍ സമ്മതിച്ചത്. തുടര്‍ന്നു വിനോദിനെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം വിനോദ് സമ്മതിച്ചു. രാത്രിയില്‍ പിതാവ് മദ്യപിച്ചെത്തി അസഭ്യം പറയുകയും അയല്‍ക്കാരുമായി വഴക്കുണ്ടാക്കുകയും ചെയ്തതായും ഇതിനെ താന്‍ ചോദ്യം ചെയ്തതു അടിയില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് വിനോദിന്റെ മൊഴി. അടിപിടിക്കിടെ ബോധമറ്റുവീണ രാജപ്പനെ പട്ടിക ഉപയോഗിച്ച് മര്‍ദിച്ചതായും വിനോദ് മൊഴിനല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post Your Comments