കഴിഞ്ഞ അമ്പതുവര്‍ഷമായി ഇന്ത്യയില്‍ ജീവിക്കുന്ന ചൈനീസ് സൈനികന്‍ ഒടുവില്‍ രാജ്യം വിടാന്‍ തീരുമാനിച്ചു. ചൈനയിലുള്ള ബന്ധുക്കളെ കാണാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ വിടാനുള്ള സൈനികന്റെ തീരുമാനം. ഇദ്ദേഹത്തെ ചൈനയില്‍ എത്തിക്കാന്‍ ചൈനീസ് അധികൃതരും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ – ചൈന യുദ്ധം കഴിഞ്ഞ്, 1963ല്‍ അറിയാതെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നതായിരുന്നു ചൈനീസ് പട്ടാളത്തിലെ സര്‍വേയറായ വാങ് ക്യൂയ്. ചാരനാണെന്നു കരുതി ഇന്ത്യ ഇദ്ദേഹത്തെ പിടികൂടി ജയിലിലാക്കി. പിന്നീട് ആറു വര്‍ഷം കഴിഞ്ഞു മോചിതനായെങ്കിലും വാങ് ക്യൂയ് ഇന്ത്യ വിട്ടു പോയില്ല. മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ താമസമാക്കിയ ഇദ്ദേഹം ഇന്ത്യക്കാരിയെ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു. ഇപ്പോള്‍ 80വയസ്സായ ഇദ്ദേഹത്തിനു മൂന്നു മക്കളുണ്ട്.
2013ല്‍ ചൈന ഇദ്ദേഹത്തിന് പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നു. ജീവിതച്ചെലവിന് അലവന്‍സും ചൈന കൊടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കാണാനെത്തിയ ബിബിസി ലേഖകന്‍ വിഡിയോ കോളിലൂടെ ചൈനയിലുള്ള സഹോദരനുമായി വാന്‍ ക്യൂയെ ബന്ധപ്പെടുത്തി. അങ്ങനെ അരനൂറ്റാണ്ടിനു ശേഷം സഹോദരങ്ങള്‍ വിഡിയോ ചാറ്റിലൂടെ പരസ്പരം സംസാരിച്ചു. ബിബിസി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാങ് ക്യൂയിന്റെ ജീവിതം ലോകമെങ്ങുമുള്ളവര്‍ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.
Post Your Comments