കോഴിക്കോട്: പോലീസ് മര്‍ദ്ദനത്തില്‍ കാലൊടിഞ്ഞെന്നാരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജവാനെ സൈന്യം ഏറ്റെടുത്ത് കണ്ണൂർ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇ.എം.ഇ. വിഭാഗത്തിലെ ലാന്‍സ് നായിക് പുല്പള്ളി വടാനക്കാവല സ്വദേശി പഴയംപ്ലാത്ത് അജിത്തിനെയാണ് മേജര്‍ മനു അശോകിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്‌സിലെ മുപ്പതോളം പട്ടാളക്കാര്‍ ഏറ്റെടുത്ത് ആദ്യം ബാരക്‌സിലേക്കും പിന്നീട്, കണ്ണൂര്‍ സൈനികാശുപത്രിയിലേക്കും മാറ്റിയത്.
ജവാന്റെ ബന്ധുക്കള്‍ അജിത്ത് ജോലിചെയ്യുന്ന ഉത്തര്‍പ്രദേശ് 301 ലൈറ്റ് റെജിമെന്റില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പട്ടാളം ഇടപെട്ടത്. പുല്പള്ളി സീതാദേവി-ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ബൈക്കിലെത്തിയ അജിത്തിന്റെ വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പോലീസുകാരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചെന്നാണ് അജിത്തിന്റെ പരാതി. എന്നാൽ ഇതെല്ലം നിഷേധിച്ച് പോലീസ് രംഗത്തെത്തി. സ്റ്റേഷനില്‍വെച്ച് അജിത്തിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നും ഗ്രീന്‍വാലിയില്‍വെച്ച് നാട്ടുകാരിടപെട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ നിലത്തുവീണപ്പോള്‍ ആരുടെയെങ്കിലും ചവിട്ടേറ്റാവാം കാലൊടിഞ്ഞതെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments