
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നൗഷേര സെക്ടറിലെ ഫോർവേഡ് കൽസിയാൻ ഗ്രാമത്തിൽ വച്ചാണ് സംഭവം.
പട്രോളിംഗ് ഡ്യൂട്ടിക്കിടെ, ഭീകരർ സ്ഥാപിച്ചിരുന്ന കുഴിബോംബിന് മുകളിൽ സൈനികൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു. റൈഫിൾമാൻ ഗുരുചരൺ സിംഗ് എന്ന സൈനികനാണ് അപകടത്തിൽ പരിക്കേറ്റത്. സൈനികനെ ഉടൻ തന്നെ അടുത്തുള്ള സൈനിക ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി ഉധംപൂരിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് ഹെലികോപ്റ്റർ മാർഗം മാറ്റി.
രണ്ടാഴ്ച്ച മുൻപ് ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വാഹനത്തിനുള്ളിൽ സ്ഫോടനം നടന്നിരുന്നു. ലാർകിപോറയിലെ ദോരു ഏരിയയിൽ നടന്ന സ്ഫോടനത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു. പ്രാദേശിക മാർക്കറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Post Your Comments