വിദ്യാര്‍ഥി പ്രക്ഷോഭവും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടും ശക്തമായതോടെ ലോ അക്കാദമി അനിശ്ചിതമായി അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനം എടുത്തിരിക്കുന്നു. നാല് ആഴ്ചയോളം പിന്നിട്ട സമരം ഒത്തുതീര്‍പ്പാക്കാനോ പരിഹരിക്കാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ലോ അക്കാദമി മാനേജ്മെന്റിലെ ചിലരുമായി സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവര്‍ക്കും ഭരണകക്ഷിയായ സി.പി.എമ്മിനുമുള്ള ബന്ധമാണ് സ്ഥിതിഗതികള്‍ ഇത്രയേറെ രൂക്ഷമാക്കിയത്. സ്വന്തം വിദ്യാര്‍ഥി സംഘടനായ എസ്.എഫ്.ഐയെ സമരത്തില്‍നിന്നും പിന്മാറാന് നിര്‍ദേശിച്ചതാണ് സി.പി.എമ്മിനു പറ്റിയ ആദ്യ തിരിച്ചടി. നയപരമായ തീരുമാനം എടുക്കാന്‍ സര്‍ക്കാരും വിമുഖത കാണിച്ചു. ഒടുവില്‍ സി.പി.എമ്മിന്റെ ദാര്‍ഷ്ട്യവും സര്‍ക്കാരിന്റെ നട്ടെല്ലുറപ്പിലായ്മയും സമാസമം കൂട്ടിച്ചേര്‍ത്ത തീരുമാനവുമായി വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ചര്‍ച്ചക്കെത്തിയ വിദ്യാഭ്യാസമന്ത്രിക്കും പിഴച്ചതോടെ സമരത്തില്‍ ഉറച്ചുനില്‍ക്കാനായി വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.
ലോ അക്കാദമി സമരം വളര്‍ന്നു പന്തലിക്കുമ്പോള്‍ ബി.ജെ.പിയും എ.ബി.വി.പിയും ആ സമരത്തിന്റെ മൈലേജില്‍ ഏറെ ദൂരം മുന്നോട്ടുപോയി. സമരത്തിന്റെ അവസാന നിമിഷങ്ങളില്‍ മാത്രം അല്പം ശ്രദ്ധ കൊടുത്ത കോണ്‍ഗ്രസും രംഗം ഉഷാറാക്കി. എന്നാല്‍ സമരത്തില്‍നിന്നും പിന്‍വലിഞ്ഞ എസ്.എഫ്.ഐയും സി.പി.എമ്മും എല്ലാം ജനങ്ങളുടെ ശത്രുതക്കും ഇരയായി. അതേസമയം എസ്.എഫ്.ഐ സമരം പിന്‍വലിച്ചതുകൊണ്ടു മാത്രം പ്രശ്നങ്ങളും പ്രതിഷേധങ്ങളും അവസാനിക്കുമെന്ന് തീരുമാനിച്ച ലോ അക്കാദമി മാനേജ്മെന്റിന് തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയാണ്. നാളെ മുതല്‍ ക്ലാസ്സ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചപ്പോള്‍ പരമാവധി കുട്ടികളെ ക്ലാസ്സില്‍ കയറ്റുമെന്ന് എസ്.എഫ്.ഐയും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എസ്.എഫ്.ഐയുടെ കാപട്യം തിരിച്ചറിഞ്ഞ മറ്റുവിദ്യാര്ഥികള് ഒറ്റക്കെട്ടതായതോടെയാണ് നാളെ ക്ലാസ്സ് ആരംഭിക്കാനുള്ള നീക്കത്തില്‍നിന്നും പിന്തിരിഞ്ഞ ലോ അക്കാദമി മാനേജ്മെന്റ് ഇപ്പോള്‍ അനിശ്ചിതകാലത്തേക്ക് സ്ഥാപനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. വാസ്തവത്തില്‍ സമരത്തെ നേരിടാന്‍ കരുത്തില്ലാതെ ലോ അക്കാദമി മാനേജ്മെന്റ് ഒളിച്ചോട്ടമാണ് നടത്തിയിരിക്കുന്നത്. ഈ സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തത് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും പരാജയമാണെന്നതിലും തര്‍ക്കമില്ല. അതേസമയം ലോ അക്കാദമി അടച്ചിടുമ്പോഴും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടും സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്തതും ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ക്ക് ഉത്തരം നല്കാന് മാനേജ്മെന്റിനു ബാധ്യതയുണ്ട്. അതോടൊപ്പം കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനുള്ള ആര്‍ജവം സര്‍ക്കാരിനും ഉണ്ടാകണം.
Post Your Comments