KeralaNews

ഡിജിറ്റല്‍ മാധ്യമങ്ങളും മൊബൈല്‍ ജേണലിസവും നമ്മുടെ വാര്‍ത്താവിശപ്പിനെ ശമിപ്പിക്കുന്നതെങ്ങനെ? പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ദേവരാജിന്റെ ലേഖനം വായിക്കാം

ടെലിവിഷന്‍ മാധ്യമം പ്രസക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡിജിറ്റല്‍ മാധ്യമങ്ങളും മൊബൈല്‍ ജേര്‍ണലിസവും ശക്തമായ കുതിപ്പ് തുടരുന്നത്. ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങള്‍ക്കു വേഗത്തില്‍ സ്വീകാര്യമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ ന്യൂസ് 18 കേരള എഡിറ്ററുമായ രാജീവ് ദേവരാജ്. മാധ്യമ ചട്ടങ്ങള്‍ മാറിത്തുടങ്ങി; മാറാത്തവര്‍ക്ക് ഇനിയധികം സമയമില്ല എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് ഏറെ പ്രസക്തമാണ്.

മാധ്യമ ചട്ടങ്ങള്‍ മാറിത്തുടങ്ങി; മാറാത്തവര്‍ക്ക് ഇനിയധികം സമയമില്ല
ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി ആശുപത്രിയിലുണ്ടായ സംഭവങ്ങള്‍ പുറം ലോകത്തെ അറിയിച്ച മാധ്യമ ഇടപെടല്‍ ഒരു പുതിയ തുടക്കമാണ്. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഔട്ട്ലുക്ക് ലേഖകന്‍ പി ടി തുഫൈല്‍ തന്റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ആദ്യം പുറത്ത് വിട്ടിരുന്നു. പിന്നീട് അവിടെയെത്തിയ ന്യൂസ് 18 കേരളക്കും മീഡിയാ വണിനും ടി വി ക്യാമറയും കൊണ്ട് ആശുപത്രിക്കകത്ത് കയറി ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതോ പ്രതികരണങ്ങള്‍ അറിയുന്നതോ എളുപ്പമായിരുന്നില്ല. ഇവിടെയാണ് ന്യൂസ് 18 കേരള പുതിയ മാധ്യമരീതി പരീക്ഷിച്ചത്. കയ്യിലുള്ള മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുക അത് ന്യൂസ് സെന്ററിലേക്ക് അയക്കുക. ഞങ്ങള്‍, ന്യൂസ് 18 കേരള അര്‍ധരാത്രി മുതല്‍ പുലര്‍ച്ച വരെ ഇടവേളകളില്ലാതെ ഈ രീതിയില്‍ റിപ്പോര്‍ട്ടിങ് തുടര്‍ന്നു. ഇത് ഫേസ്ബുക്കില്‍ ലൈവും നല്‍കി. ന്യൂസ് 18 കേരളയുടെ ഫേസ്ബുക്ക് പേജ് വഴി ലക്ഷങ്ങളാണ് ഇത് കണ്ടത്. ഷെയറുകളും കമന്റുകളും ചേര്‍ത്ത് പന്ത്രണ്ടായിരത്തിലധികം.
മാധ്യമരീതികള്‍ മാറുന്നതിനെ ഇങ്ങനെ ചുരുക്കിപ്പറയാം
1. ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ കൈവശമുള്ള ആര്‍ക്കും വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാം. സമൂഹ മാധ്യമങ്ങള്‍ വഴിയോ അല്ലെങ്കില്‍ നിങ്ങളുടെ വാര്‍ത്ത നല്‍കാന്‍ തയ്യാറാകുന്ന മാധ്യമസ്ഥാപനങ്ങള്‍ വഴിയോ
2. ഇത്തരം രീതികള്‍ മാധ്യമമേഖലയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരും, നിയന്ത്രണങ്ങളും ആധിപത്യവും അപ്രസക്തമാകും പക്ഷേ തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രത വേണം
3. കേബിള്‍ ശൃംഖലയുടെ പരിമിതികള്‍ക്കപ്പുറം വാര്‍ത്തയെത്തിക്കാന്‍ സമൂഹമാധ്യമങ്ങളുണ്ട്
ടെലിവിഷന്‍ മാധ്യമം പ്രസക്തമായി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡിജിറ്റല്‍ മാധ്യമങ്ങളും മൊബൈല്‍ ജേര്‍ണലിസവും നമ്മുടെ വാര്‍ത്താവിശപ്പിനെ ശമിപ്പിക്കാന്‍ മുന്നോട്ടുവരുന്നത്. വാര്‍ത്ത കൊടുക്കുന്നവന്റെ ഉദ്ദേശ്യത്തേക്കാള്‍ അത് അറിയേണ്ടവന്റെ താല്പര്യം മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കാലത്തേക്കാണ് പുതിയ രീതികളുടെ പോക്ക്.
നിങ്ങളറിഞ്ഞോ?
രാജ്യത്തെ മുന്‍നിര പത്രങ്ങളിലൊന്നായ ഹിന്ദുസ്ഥാന്‍ ടൈംസ് നാല് സിറ്റി എഡിഷനുകള്‍ പൂട്ടി.
28 വയസുള്ള യൂസഫ് ഒമാറിനെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മൊബൈല്‍ എഡിറ്ററായി നിയമിച്ചു. സ്ഥാപനത്തിലെ 750 മാധ്യമപ്രവര്‍ത്തകരെ മൊബൈല്‍ ജേര്‍ണലിസ്റ്റുകളാക്കുകയാണ് യൂസഫ് ഒമാറിന്റെ ദൗത്യം.
എന്‍ ഡി ടി വി വിട്ട ബര്‍ക്കാ ദത്ത് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ക്വിന്റിന് വേണ്ടി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ്.
(കടപ്പാട്: രാജീവ് ദേവരാജ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button