KeralaNews

യു.ഡി.എഫിന്റെ മാനം കാത്ത അഹമ്മദ്; വിടവാങ്ങിയത് പ്രവാസികളുടെ പ്രിയങ്കരനായ ജനപ്രതിനിധി

തിരുവനന്തപുരം: 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നുള്ള സീറ്റുകളില്‍ 20ല്‍ 19ഇടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ യു.ഡി.എഫിനുവേണ്ടി മാനം കാത്തത് ഇ.അഹമ്മദ് മാത്രമായിരുന്നു. പൊന്നാനിയില്‍ തിളക്കമാര്‍ന്ന വിജയമാണ് അദ്ദേഹം നേടിയത്. നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 12 തവണ മത്സരിച്ച അഹമ്മദ് 10 തവണയും തിരഞ്ഞെടുത്തതു മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളാണ്. 67ല്‍ കണ്ണൂരിലും 77ല്‍ കൊടുവള്ളിയിലും മല്‍സരിച്ചു ജയിച്ച ശേഷം പ്രവര്‍ത്തന കേന്ദ്രം മലപ്പുറത്തേക്കു മാറ്റുകയായിരുന്നു. താനൂരില്‍നിന്നു മൂന്നു തവണ നിയമസഭയിലെത്തി. മഞ്ചേരി, പൊന്നാനി, മലപ്പുറം ലോക്സഭാ മണ്ഡലങ്ങളില്‍നിന്നായി ഏഴു തവണ പാര്‍ലമെന്റിലും അദ്ദേഹമെത്തി. 2014ലെ തിരഞ്ഞെടുപ്പില്‍ പ്രായാധിക്യം കണക്കിലെടുത്ത് ഇ.അഹമ്മദ് തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കണമെന്ന് ലീഗിനുള്ളില്‍നിന്നു തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. യുവനേതാക്കളില്‍ ആരെങ്കിലും മലപ്പുറത്ത് മത്സരിക്കട്ടേയെന്നായിരുന്നു പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്ന നിര്‍ദേശം. എന്നാല്‍ പാണക്കാട് നിന്നുള്ള അന്തിമതീരുമാനം അഹമ്മദിനൊപ്പമായിരുന്നു. അതേസമയം പികെ സൈനബ എന്ന മുസ്ലീം വനിതയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി അഹമ്മദിനെതിരെ എല്‍.ഡി.എഫ് പ്രയോഗിച്ച തന്ത്രം പാളുകയായിരുന്നു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് അഹമ്മദിന് ലഭിച്ചത്. 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പി.കെ സൈനബയെ പരാജയപ്പെടുത്തിയത്.

വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ പ്രവാസികളുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ഐക്യരാഷ്ട്ര സംഘടനയില്‍ 10 തവണ ഇന്ത്യയെ പ്രതിനിധീകരിച്ച അഹമ്മദ് വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ മുഖവും ശബ്ദവുമായിരുന്നു. കേന്ദ്ര റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോഴും കേരളത്തെ അദ്ദേഹം മറന്നില്ല. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി. അതനുസരിച്ച് പുതിയ വികസന പദ്ധതികള്‍ തയാറാക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇവിടെ നിന്നുള്ള പ്രവാസികള്‍ പ്രയാസമനുഭവിച്ചപ്പോഴെല്ലാം ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അഹമ്മദ് മുന്‍കയ്യെടുത്തിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മുന്നേറ്റത്തിന്റെ തെളിവായിരുന്നു. ലിബിയയില്‍ ആഭ്യന്തര പ്രശ്നമുണ്ടായപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നയതന്ത്ര ചര്‍ച്ചകള്‍ക്കു നിയോഗിച്ചത് എംപിയായ അഹമ്മദിനെയാണ്.

സൗദിയില്‍ നിതാഖാത്ത് മൂന്നു ഘട്ടമായി നടപ്പാക്കിയപ്പോള്‍ പ്രവാസികള്‍ക്ക് ഓരോ തവണയും സമയം നീട്ടിക്കിട്ടിയതിനു പിന്നിലും അഹമ്മദിന്റെ ഇടപെടലുകളായിരുന്നു. പ്രവാസിമലയാളികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ആശ്രയിക്കാവുന്ന അത്താണിയായിരുന്നു അഹമ്മദ്. പ്രവാസികളുടെ വോട്ടവകാശത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതും അനോദ്യോഗിക ബില്ല് അവതരിപ്പിച്ചതും ഇ.അഹമ്മദായിരുന്നു. രാജ്യാന്തര നയതന്ത്ര രംഗത്ത് മന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഇ.അഹമ്മദ് നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതിനിധിയായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുമുതല്‍ സൗദി സ്വദേശിവല്‍ക്കരണം ഒറ്റയടിക്ക് ഇന്ത്യക്കാരെ ബാധിക്കാതിരിക്കാനുള്ള ഇടപെടലില്‍വരെ നീളുകയാണ് അദ്ദേഹത്തിന്റെ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍.

shortlink

Post Your Comments


Back to top button