NewsGulf

സൗദിയിൽ മലയാളി അബോധാവസ്ഥയിൽ ചികിത്സയിൽ: നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് ബന്ധുക്കൾ

ദമാം:സൗദി അറേബ്യയിലെ അല്‍ കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി അബോധാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളിയെ വിദഗ്ധ ചികില്‍സയ്ക്കു നാട്ടിലെത്തിക്കാനായി കുടുംബം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനു കേഴുന്നു. തലശേരി എരിഞ്ഞൊളി പഞ്ചായത്തില്‍ ചോനാടം സ്വദേശി സയിദ് നിസാമുദീന്‍റെ (48) കുടുംബമാണ് സൗദിയിലെ വിദഗ്ധ ചികില്‍സയ്ക്കുള്ള ചെലവു താങ്ങാന്‍ കഴിയാത്തതിനാൽ നിസാമുദീനെ നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി പ്രതീക്ഷിക്കുന്നത്.

എട്ടു വര്‍ഷമായി റിയാദിലെ മിഠായി വിതരണക്കമ്പനിയില്‍ വാന്‍ സെയില്‍സ്മാനായിരുന്നു നിസാമുദീൻ. ജോലി സംബന്ധമായ കാര്യത്തിനായി കഴിഞ്ഞ മാസം 28-ന് അല്‍കോബാറില്‍ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. കുറഞ്ഞ നിരക്കിലുള്ള സി ക്ലാസ് ഇന്‍ഷുറന്‍സ് പരിരക്ഷയാണുള്ളതെന്നതിനാല്‍ സൗകര്യം കുറഞ്ഞ ആശുപത്രിയിലാണ് നിസാമുദീനെ പ്രവേശിപ്പിക്കാനായത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടി വന്നതോടെ വെന്‍റിലേറ്ററിലാക്കുകയും ചെയ്‌തു.

വിദഗ്ധ ചികില്‍സയ്ക്കായി വലിയ ആശുപത്രിയെ സമീപിക്കണമെങ്കില്‍ ഒരു ലക്ഷം റിയാല്‍ (ഏകദേശം 17 ലക്ഷം രൂപ) കെട്ടിവയ്ക്കണം. അതിനിടെ ഇന്‍ഷുറന്‍സ് കമ്പനി ചികിത്സാച്ചെലവ് നൽകാനും തയ്യാറായില്ല. തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കു നാട്ടില്‍ കൊണ്ടുപോകാനായി എയര്‍ ആംബുലന്‍സ് സേവനം തേടുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും 14, 10, എട്ട് വയസായ മൂന്നു കുട്ടികളുമടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു നിസാമുദീന്‍. നിസാമുദീന്‍റെ ഭാര്യ സെറീന മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, എ.എന്‍. ഷംസീര്‍ എം.എല്‍.എ. എന്നിവരോടു സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button