Writers' Corner

സ്വന്തം മണ്ഡലത്തിലെ ക്രഡിറ്റ് വി.മുരളീധരന്‍ കൊണ്ടുപോയപ്പോള്‍ ഉളുപ്പില്ലാത്ത ഉപവാസ പ്രഖ്യാപനവുമായി കെ.മുരളീധരന്‍, താങ്കള്‍ പട്ടിണികിടക്കേണ്ടത് ലോ അക്കാദമിയില്‍ അല്ല; മണ്ണാമൂല ഭൂസമരവേദിയിലാണ് – പി.ആര്‍ രാജ് എഴുതുന്നു

ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സമരം തുടങ്ങി മൂന്നാഴ്ച പിന്നിടുമ്പോഴും പോയ ദിവസങ്ങളിലൊന്നും സമരത്തില്‍ ഇടപെടാനോ കാര്യമായ അഭിപ്രായ പ്രകടനം നടത്താനോ ശ്രമിക്കാത്ത നേതാവാണ് കോണ്‍ഗ്രസ് എം.എല്‍.എയായ കെ.മുരളീധരന്‍. ലോ അക്കാദമി സ്ഥിതിചെയ്യുന്ന പേരൂര്‍ക്കട ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ച് നിയമസഭയിലെത്തിയ ആളാണ് മുരളീധരന്‍.

സ്വന്തം മൂക്കിന് താഴെ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭം അരങ്ങേറിയിട്ടും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ശ്രദ്ധേയ ഇടപെടലുകളൊന്നും ഉണ്ടായില്ല. ഏറ്റവും ഒടുവില്‍ ആക്ഷേപങ്ങള്‍ ശക്തമായതിനു പിന്നാലെ സി.പി.എം സമരത്തില്‍ ഇടപെടാന്‍ തുടങ്ങിയശേഷമാണ് കെ.മുരളീധരന്‍ ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയത്. പ്രശ്നത്തില്‍ 48 മണിക്കൂറിനകം പരിഹാരമുണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ താന്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

അക്കാദമിയിലെ പ്രശ്നത്തില്‍ ഇനി കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ലെന്നും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞതൊന്നും ഇനി നടക്കില്ലെന്നും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നുമൊക്കെയാണ് മുരളീധരന്‍ ഇന്ന് മാധ്യമങ്ങളോട് തുറന്നടിച്ചത്. അക്കാദമി പ്രശ്നത്തില്‍ ഇനി കൈയും കെട്ടി നോക്കി നില്‍ക്കില്ല എന്നു പറയുമ്പോള്‍, ആ അക്കാദമി ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ എം.എല്‍.എയായ അദ്ദേഹം ഇത്രയും നാള്‍ എന്തിന് കൈയുംകെട്ടി നോക്കിനിന്നു എന്നു അങ്ങേയറ്റം സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവിനോടെങ്കിലും ബോധ്യപ്പെടുത്തേണ്ടതാണ്. അതുപോട്ടെ, ഉപവാസസമരം ഇനി നടത്തിയാല്‍ അതിനു കാര്യമായ മൈലേജ് കിട്ടില്ലെന്നു മനസിലാക്കിയാണോ രണ്ടുദിവസത്തെ ഗ്യാപിനുശേഷം ഉപവാസമെന്ന പ്രഖ്യാപനം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

നാല്‍പത്തിയെട്ട് മണിക്കൂറിനകം സമരം ഒത്തുതീര്‍പ്പാക്കാന്‍ സകല സാധ്യതകളും ഒരുങ്ങിയിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടും അതുവരെ പട്ടിണി കിടക്കേണ്ടെന്നും മണത്തറിഞ്ഞ മുരളീധരന്‍ ശരിക്കും കോണ്‍ഗ്രസുകാരന്‍ തന്നെ. എന്നാല്‍ ഉപവാസ സമരത്തെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം കൂടിയുണ്ട്. സ്വന്തം മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമത് എത്തിയിരുന്നു. ബി.ജെ.പി കാര്യമായ ഇടപെടല്‍ നടത്തുന്ന മണ്ഡലം കൂടിയാണ് അത്. ലോ അക്കാദമി സമരം ശക്തമായതിനു പിന്നാലെ ബി.ജെ.പി ആ സമരം ഏറ്റെടുക്കുകയും ബി.ജെ.പിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയായ വി.മുരളീധരന്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ഇതോടെ കെ.മുരളീധരന് കിട്ടേണ്ട മൈലേജ് വി.മുരളീധരന്‍ തട്ടിയെടുത്തു എന്നു കോണ്‍ഗ്രസുകാര്‍പോലും പ്രതികരിച്ചു തുടങ്ങി. ഇതോടെയാണ് പ്രശ്നങ്ങള്‍ 48മണിക്കൂറിനകം പരിഹരിച്ചില്ലെങ്കില്‍ താന്‍ പട്ടിണി കിടന്നുകളയുമെന്ന ഉളുപ്പില്ലാത്ത ഭീഷണിയുമായി കെ.മുരളീധരന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിച്ചിരിക്കുന്നത്.

അതേസമയം ഒരു പൊതുപ്രശ്നത്തില്‍ ഉപവാസസമരം ഇരിക്കാന്‍ കെ.മുരളീധരന് താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹം പോയിരിക്കേണ്ടത് സ്വന്തം മണ്ഡലത്തിലെ മണ്ണാമൂല എന്ന സ്ഥലത്ത് 2005മുതല്‍ അവകാശപ്പെട്ട ഭൂമിക്കായി പ്രദേശവാസികള്‍ നടത്തുന്ന ഭൂസമരപന്തലിലാണ്. ദളിതരായതിന്റെ പേരില്‍മാത്രം നഗരപ്രദേശത്ത് ഭൂമി നിഷേധിക്കപ്പെട്ടതോടെ സമരത്തിനിറങ്ങിയവരാണ് അവര്‍. പേരൂര്‍ക്കട ലോ അക്കാദമി ക്യാംപസില്‍നിന്നും ഏറെ അകലെയല്ല, ഈ മണ്ണാമൂല. ലോ അക്കാദമിയെന്ന സ്വകാര്യ മാനേജ്മെന്റിനു സര്‍ക്കാര്‍ പതിച്ചുകൊടുത്ത പന്ത്രണ്ട് ഏക്കറോളം ഭൂമിയില്‍ കോളേജ് ആവശ്യത്തിനൊഴികെ അനധികൃതമായി അവര്‍ കൈയ്യടക്കിയതില്‍നിന്നും രണ്ട് ഏക്കര്‍ ഈ പാവങ്ങള്‍ക്കു നല്‍കിയാല്‍ തീരാവുന്നതേ ഉള്ളൂ മണ്ണാമൂലവാസികളുടെ പ്രശ്നം. അതുകൊണ്ടുതന്നെ മണ്ണൂമൂല സമരത്തോട് മുഖം തിരിക്കുന്ന സ്ഥലം എം.എല്‍.എ കെ.മുരളീധരന്‍ നിരാഹാരം കിടക്കേണ്ടത് ഈ മണ്ണാമൂല സമരവേദിയില്‍ തന്നെയാണ്, അല്ലാതെ ലോ അക്കാദമിയിലെ ചാനല്‍ ക്യാമറകള്‍ക്കു മുന്നിലല്ല. നിയമപരമായി ഈ ദളിത് ജനവിഭാഗത്തിനു ലഭിക്കേണ്ട ഭൂമിക്കായി അവര്‍ പത്തുവര്‍ഷമായി സമരം ചെയ്യുമ്പോള്‍ ലോ അക്കാദമിയുടെ മുന്നില്‍ വേണ്ടി വന്നാല്‍ ഉപവാസം ഇരിക്കാമെന്നു മാധ്യമങ്ങളോട് വീമ്പുപറയുന്ന പൊറാട്ടുനാടകം കെ.മുരളീധരനെ പോലെ ഒരാള്‍ക്കു ചേര്‍ന്നതാണോ എന്ന് അദ്ദേഹം സ്വയം വിലയിരുത്തട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button