തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശയുമായി സിൻഡിക്കേറ്റ് ഉപസമിതി. സിൻഡിക്കേറ്റ് ഏകകണ്ഠമായി ഉപസമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചു. അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായരെ ഡീബാർ ചെയ്യണമെന്നും കൺവീനർ ആവശ്യപ്പെട്ടു. മാനേജ്മെന്റിനോട് സർവകലാശാല ഇക്കാര്യം ആവശ്യപ്പെടണം. ഇന്റേണൽ മാർക്ക് നൽകിയത് പരിശോധിക്കണം. ഹാജർരേഖ വിദ്യാർഥികളെ കാണിച്ച് ഒപ്പുവാങ്ങണം. മാസത്തിലൊരിക്കൽ ഇതു വിദ്യാർഥികളെ കാണിക്കണം. ഭാവി മരുമകളായ അനുരാധയെ ഇയർ ഔട്ട് ആക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സമരം ചെയ്യുന്ന വിദ്യാർഥികൾ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ശരിയാണെന്നും കേരള സർവകലാശാല സിൻഡിക്കറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു.
അതേസമയം, സർവകലാശാലയിൽ ലോ അക്കാദമി കോളജിന്റെ അഫിലിയേഷൻ രേഖകൾ ഇല്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു. മാത്രമല്ല ഉപസമിതി മാനേജ്മെന്റിന്റെ ഭാഗം കേട്ടില്ല. അതിനാൽ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നും വിസി കൂട്ടിച്ചേർത്തു. രേഖകൾ കാണാതായത് അന്വേഷിക്കണമെന്ന് സിപിഐ അംഗം ആർ. ലതാദേവി ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ നിന്നും കോളജ് അധികൃതരിൽ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്.
Post Your Comments