ന്യൂഡൽഹി: നാല് ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായി. അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച കുഞ്ഞിനെ സുഷമയുടെ ഇടപെടലിനെ തുടര്‍ന്ന് ഭോപ്പാലില്‍ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.
ബെംഗലൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ദേവേഷ് ശര്‍മയ്ക്കും വന്ദന ശര്‍മയ്ക്കും യംഗ് ഓം ശര്‍മ എന്ന മകന്‍ ജനിച്ചത്. ജനിച്ച ഉടന്‍ തന്നെ കുട്ടിയുടെ ഹൃദയധമനികളുടെ സ്ഥാനം മാറിക്കിടക്കുന്നത് ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചു. എന്നാൽ കുഞ്ഞിന് നാലു ദിവസം മാത്രം പ്രായം ആയിട്ടുള്ളതിനാൽ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചത്.ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയേയും സംഭവം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറി ഷെഹ്‌സാദ് പൂനാവാലയാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് സുഷമ കുട്ടിയുടെ പിതാവിന്റെ നമ്പര്‍ ശേഖരിക്കുകയും മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ ബന്ധപ്പെട്ട് മെഡിക്കല്‍ റിപ്പോര്‍ട്ട് ഡല്‍ഹി എയിംസില്‍ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് ചികിത്സയ്ക്ക് എയിംസിൽ അവസരമൊരുങ്ങുകയായിരിന്നു. ഇത്രവേഗം ഒരു നടപടി ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുകയുണ്ടായി. കുട്ടി ഇപ്പോൾ എയിംസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
Post Your Comments