തിരുവനന്തപുരം: വാക്‌സിനേഷനുകളെ പറ്റി നിരവധി കുപ്രചരണങ്ങൾ ഏറെയുള്ള നാടാണ് മലബാർ. എന്നാൽ, സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ വാക്‌സിൻ വിരുദ്ധ പ്രചരണങ്ങൾ ചെറുക്കാൻ പ്രത്യേകം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. പക്ഷെ പലതരത്തിലുള്ള പ്രതിസന്ധികളാണ് ഇതിനു മുന്നിട്ടിറങ്ങുന്ന ഉദ്യോഗസ്ഥർ നേരിടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരമൊരു ചിത്രമാണ്.
കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷനെ കുറിച്ച് മുസ്ലിം സ്ത്രീകൾക്കിടയിൽ ബോധവൽക്കരണം നടത്തുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പരസ്പരം കാണാനാകാത്ത രീതിയിൽ മറകെട്ടിയ ശേഷം പർദ്ദയിട്ട സ്ത്രീകൾക്കായി ഡോക്ടർ ബോധവൽക്കരണം നടത്തുന്നതാണ് ചിത്രം.
ഇത്തരത്തിൽ മറ കെട്ടി മുസ്ലിം വനിതകൾക്ക് ബോധവത്കരണ ക്ലാസ് മറകെട്ടി നടത്തിയത് നീലേശ്വരം കരുവാച്ചേരിയിലാണ്. നിലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദാണ് നൂറോളം വനിതകൾ പങ്കെടുത്ത ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകിയത്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ പോളിയോ വാക്‌സിനേഷനോട് വിമുഖത നിലനിൽക്കുന്നതിനാലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.
ചിത്രം സോഷ്യൽ മീഡിയിൽ എത്തിയതോടെ ഇത് ഇന്ത്യയിൽ തന്നെയാണോ എന്ന പരിഹാസചോദ്യങ്ങൾ ഉയർന്നു. എന്തിനാണ് പർദ്ദയിട്ട സ്ത്രീകൾക്ക് മുമ്പിൽ പുരുഷൻ ക്ലാസെടുക്കാമ്പോൾ തുണിമറ എന്നതായി സോഷ്യൽ മീഡിയയുടെ ചോദ്യം. പുരുഷനെ സ്ത്രീ കണ്ടാൽ എന്താണ് കുഴപ്പമെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. എന്തായാലും തുണികെട്ടി മറച്ചിട്ടായാലും പൾസ് പോളിയോയെ കുറിച്ച് ബോധവൽക്കരണം നടത്തുന്ന ഡോക്ടർക്ക് സോഷ്യൽ മീഡിയ കൈയടി നൽകുന്നുണ്ട്. ഡോ. ജമാൽ അഹമ്മദിന്റെ ആത്മാർത്ഥതയെ എല്ലാവരും പ്രശംസിക്കുകയാണ് ചെയ്യുന്നത്.
Post Your Comments