NewsIndia

ജനമനസ്സുകളെ കീഴടക്കി മോദി അവര്‍ക്ക് പ്രിയപ്പെട്ടവനാകുന്നത് ഇങ്ങനെ :  ജനങ്ങളുടെ പിന്തുണയില്‍ മോദിയുടെ ജൈത്രയാത്ര തുടരുന്നു 

നരേന്ദ്രമോദി പ്രധാനമന്ത്രിയായശേഷം നവയുഗത്തിന് നാന്ദി കുറിച്ച് നടക്കുന്ന മൂന്നാമത്തെ റിപ്പബ്ലിക് ദിനമായിരുന്നു രാജ്യം ആഘോഷിച്ചത് . റിപ്പബ്ലിക് ദിനം 67 വര്‍ഷം പിന്നിട്ടതുപോലെ ആയിരുന്നില്ല ഈ വര്‍ഷത്തെ ആഘോഷം.   പ്രധാനമന്ത്രിക്ക് മുന്നില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ കള്ളപ്പണക്കാരനോ കൊലപാതകിയോ എന്നില്ല, പകരം ഭാരതീയന്‍ അല്ലെങ്കില്‍ ഇന്ത്യക്കാരന്‍ എന്ന വികാരമാണ് അദ്ദേഹത്തിന് ഈ ഒരു വികാരമാണ് ഇന്നലെ രാജ്പഥ് വീഥിയില്‍ നാം കണ്ടതും.
 കഴിഞ്ഞ തവണയെന്ന പോലെ ഇക്കുറിയും എല്ലാവരേയും അമ്പരിപ്പിച്ച് പ്രോട്ടോകോള്‍ മറികടന്നാണ് പ്രധാനമന്ത്രി റിപ്പബ്ലിക് ദിനാഘോഷ വേദിയില്‍ എത്തിയത്. പതിവുരീതികള്‍ വിട്ടു രാജ്പഥിലൂടെ നടന്നു ജനങ്ങളെ അഭിവാദ്യം ചെയ്താണു മോദി താരമായത്.
കഴിഞ്ഞ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡില്‍ പതിവുകള്‍ തെറ്റിച്ചു മോദി എത്തിയിരുന്നു.  ഇതു തന്നെയാണ് ജനമനസ്സുകളില്‍ അദ്ദേഹത്തിന് ഒരു ദിവ്യപരിവേഷം ലഭിച്ചതും.
കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരെയുള്ള പോരാട്ടത്തിന് ജനങ്ങളുടെ പിന്തുണ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് . ആദ്യമൊക്കെ ഇതിനെതിരെ മുറുമുറുപ്പുകള്‍ ഉണ്ടായെങ്കിലും പിന്നീട് ജനങ്ങള്‍ ഇതിനെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കള്ളപ്പണത്തേയും അഴിമതിയേയും രാജ്യത്തു നിന്നും കെട്ടുകെട്ടിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് അവര്‍ മനസ്സിലാക്കി.
സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ കൂടുതല്‍ പാവപ്പെട്ടവരാക്കുകയും ചെയ്തുപോന്നിരുന്ന യു.പി.എ ഭരണ നയത്തിനെ പാടെ മാറ്റി മറിക്കുകയാണ് കറന്‍സി നിരോധനത്തിലൂടെ പ്രധാനമന്ത്രി ഇവിടെ ചെയ്തത്. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവരും രാജ്യത്തെ സമ്പത്തിന്റെ അവകാശികളാണ്.
അത് അര്‍ത്ഥവത്താക്കാനുള്ള ശ്രമകരമായ ജോലിക്ക് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ  റിപ്പബ്ലിക് ദിനത്തിനാഘോഷം
സല്‍ഭരണത്തിന്റെ വ്യക്തമായ രൂപരേഖ മോദി സര്‍ക്കാര്‍ രണ്ടരവര്‍ഷത്തിനിടയില്‍ വരച്ചുകഴിഞ്ഞു. എല്ലാവര്‍ക്കും തുല്യനീതിക്കായി സര്‍ക്കാര്‍ പദ്ധതികളുമായി മുന്നേറ്റം നടത്തുമ്പോഴാണ് ഛിദ്രചിന്തകളുമായി ചിലര്‍ സാന്നിധ്യമറിയിക്കാന്‍ നോക്കുന്നത്. രാജ്യാന്തര രംഗത്ത് രാജ്യത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ ചുരുങ്ങിയ മാസങ്ങള്‍ക്കകം മോദിക്ക് വേണ്ടിവന്നുള്ളൂ. യോഗ എന്ന ഭാരതീയ ശാസ്ത്രത്തെ ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും ഭീകരതയ്‌ക്കെതിരെ വിവിധചേരികളിലുള്ള രാഷ്ട്രങ്ങളെ ഒരേവേദിയിലെത്തിക്കാനും കഴിഞ്ഞു. ഭാരതത്തിന്റെ സമഗ്രവികസനത്തിനുള്ള സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ രാജ്യത്തേക്ക് ഒഴുകിത്തുടങ്ങി.
റിപ്പബ്ലിക്ദിനത്തില്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ സ്വാതന്ത്ര്യദിനമാകുമ്പോള്‍  നടപ്പാക്കുന്ന രീതിയാണ് മോദി സര്‍ക്കാരിനുള്ളത്.  രണ്ടാഴ്ചയിലൊരിക്കല്‍ ഒരു പദ്ധതി എന്ന രീതിയാണ് അവലംബിക്കുന്നത്. വാക്കും പ്രവര്‍ത്തിയും ഒന്നാകണമെന്ന നിര്‍ബന്ധവും ഭരണം നയിക്കുന്നവര്‍ക്കുണ്ട്. നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളില്‍ പലതും വളരെയേറെ മുന്നോട്ടുപോയി.  പ്രായോഗിക തലത്തില്‍ രണ്ട് കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇവ പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ. ഒരു കാരണം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിക്കാത്ത ചില സംസ്ഥാനങ്ങളും ഒരുവിഭാഗം ഉദ്യോഗസ്ഥരും രണ്ടാമത്തേത് നിലവിലുള്ള ഭരണസംവിധാനത്തിന്റെ അപര്യാപ്തതകളാണ്. ഇതിനുളള പരിഹാരം അധികാര വികേന്ദ്രീകരണവും ഭരണപരിഷ്‌കാരവുമാണ്.
നമ്മുടെ ഭരണഘടനയില്‍ സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യലിസം എന്നതുകൊണ്ട് സ്ഥിതിസമത്വം എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ന് ഭാരതം ലോകത്തിലെ മറ്റ് പല രാഷ്ട്രങ്ങളേക്കാളും സമത്വമുള്ള രാജ്യമാണെന്നതില്‍ സംശയമില്ല.  ജനക്ഷേമകരമായ പല പദ്ധതികളും മുന്നേറുമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയോടെ അതിനെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
ഇതിനിടയിലും മതേതരത്വം ഭീഷണിയിലാണെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്നുമെല്ലാമുള്ള പ്രചാരണങ്ങളും ശക്തമാണ്. സംവരണത്തെപ്പോലും ദുഷ്പ്രചാരണത്തിന് ആയുധമാക്കുകയാണ്. ഇതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു ദോഷം.
രാഷ്ട്രശരീരത്തെ കാര്‍ന്നുതിന്നുന്ന മാരക രോഗമാണ് അസഹിഷ്ണുത. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നുറപ്പായതോടെ ആരംഭിച്ച അസഹിഷ്ണുത ഇപ്പോഴും തുടരുന്നു. എല്ലാ ആക്ഷേപങ്ങള്‍ക്കും ചെവിക്കൊടുത്ത് അതിന് പിന്നാലെ പോയാല്‍ ഭരിക്കാന്‍ നേരമുണ്ടാകില്ല. അതുകൊണ്ടുതന്നെ സംശുദ്ധമായ പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കുകയാണ് സര്‍ക്കാര്‍. അതേസമയം മോദി അറബ് രാജ്യങ്ങള്‍ക്കിടയില്‍ കൈവരിച്ചിരിക്കുന്ന നയതന്ത്രബന്ധം അസഹിഷ്ണുതയ്ക്ക് വ്യക്തമായ മറുപടിയാണ്. രാജ്യത്തെ ചിലയാളുകളുടെ പ്രവര്‍ത്തനഫലമായാണ് അസഹിഷ്ണുത എന്ന വാക്ക് ഒരു വാക്ക് ഉരിത്തിരിഞ്ഞ് വന്നിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിനെതിരെ നമുക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി മുന്നേറാം…
പൂജ മനോജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button