തിരുവനന്തപുരത്തിന്റെ ചരിത്രവുമായി അഭേദ്യ ബന്ധമുണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്. പേരിനുപോലും നഗരം ക്ഷേത്രത്തോട് കടപ്പെട്ടിരിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രം തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. ആയിരങ്ങളാണ് പ്രതിദിനം ഇവിടെയെത്തുന്നത്. ഒരു ഹൈന്ദവ ആരാധനാലയമെന്നതിലുപരിയായി തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രത്തിലേക്ക് കടക്കാനുള്ള ഒരുപാലം കൂടിയാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. തെക്കന്‍ തിരുവിതാംകൂറിന്റെ വാസ്തുവിദ്യയറിയാനായി മാത്രം ദിനവും നിരവധി പേര്‍ ഇവിയെത്തുന്നു. തിരുവനന്തപുരത്തെത്തുന്ന ടൂറിസ്റ്റുകള്‍ വിടാതെ കാണുന്നതാണ് ക്ഷേത്രത്തോടനുബന്ധിച്ചുള്ള നാഴികമണിയും പത്മതീര്‍ഥക്കുളവും.
തിരുവിതാംകൂറിന്റെ ചരിത്രത്താളുകള്‍ മറിയുമ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഗോപുരനടകളും മിഴിവോടെ തെളിഞ്ഞുവരും. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേരുന്ന ഒരു സംസ്‌കൃതിയുടെ ചരിത്രം പത്മനാഭന്റെ മണ്ണില്‍ എഴുതിവെച്ചിരിക്കുന്നു. കേരളത്തിന്റെ ഉത്ഭവ ചരിത്രവുമായി ബന്ധപ്പെട്ടാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുരാവൃത്തവും പരിണമിക്കുന്നത്. മഹാക്ഷേത്ര സങ്കല്പങ്ങളിലെ പഴമ രേഖാദികളടങ്ങിയ പത്ത് ലക്ഷണങ്ങളൊത്ത കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഭക്തി സാഹിത്യത്തില്‍ ആള്‍വാര്‍മാര്‍ പ്രകീര്‍ത്തിക്കുന്ന അമ്പത്തി ഒമ്പതാമത്തെ മഹാവിഷ്ണു ക്ഷേത്രവും ഇതു തന്നെ. അതി പൗരാണിക രേഖാ ലിഖിതങ്ങളിലും പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഇത് എന്ന് നിര്‍മ്മിക്കപ്പെട്ടു എന്നതിന് വ്യക്തമായ ധാരണകളില്ല.
ഇപ്പോള്‍ ക്ഷേത്രം നില്‍ക്കുന്നിടം പണ്ട് അനന്തന്‍കാട് എന്ന് അറിയപ്പെടുന്ന ഘോരവനമായിരുന്നു എന്നാണ് ഐതിഹ്യം. ഒമ്പതാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ വില്വമംഗലം സ്വാമിയാണ് ആദ്യ പ്രതിഷ്ഠ നടത്തുന്നത്. അന്ന് മുതല്‍ തന്നെ തിരുവിതാംകൂര്‍ രാജവംശത്തിന് ഈ ക്ഷേത്രവുമായി അഭേദ്യ ബന്ധമുണ്ട്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശായിയായ മഹാവിഷ്ണു വിഗ്രഹം ഇന്ത്യയിലെ തന്നെ ഒരു അപൂര്‍വ്വതയാണ്. നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നും ശേഖരിച്ച് കൊണ്ടുവന്ന പതിനായിരത്തോളം സാളഗ്രാമങ്ങളും (പൂജാശില) കടുശര്‍ക്കരയും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഈ വിഗ്രഹം. വളരെ സങ്കീര്‍ണ്ണമായ ശില്പവിധിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മഹാവിഷ്ണു സങ്കല്പങ്ങളില്‍ 24-ാമത്തേതായ `ശ്രീപത്മനാഭ’ന്റെ പ്രസ്തുത വിഗ്രഹം വിദഗ്ധ വിഗ്രഹ നിര്‍മ്മാതാവായ ബാലാരണ്യകോണി ദേവന്റെ സൃഷ്ടിയാണ്.
1750-ല്‍ ആധുനിക തിരുവിതാംകൂറിന്റെ ശില്പി മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രം പുതുക്കി പണിതതോടെയാണ് അതിന് ഇന്നു കാണുന്ന പ്രൗഢി കൈവന്നത്. മലയാളം-തമിഴ് വാസ്തുകലയുടെ സമഞ്ജസ മേളനമാണ് ഇന്നത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം. കേരള ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതെന്ന് കരുതുന്ന ചുവര്‍ചിത്രം ഇവിടെയാണുള്ളത്. കരിങ്കല്ലില്‍ തീര്‍ത്ത കവിതയെന്ന് പുകഴ്പെറ്റ ആയിരം കാല്‍ മണ്ഡപം ക്ഷേത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഭാരതീയ ക്ഷേത്ര നിര്‍മ്മിതികളിലെ ഉദാത്ത നിദര്‍ശനമായി ചൂണ്ടികാട്ടാവുന്ന `സപ്തസ്വര തൂണുകള്‍’ അനുഭവങ്ങളിലെ അപൂര്‍വ്വതയായും ഇവിടെ നിലകൊള്ളുന്നുണ്ട്.
നൂറ്റാണ്ടുകള്‍ പിന്നിട്ട ആചാര പാരമ്പര്യങ്ങള്‍ അണുവിട തെറ്റാതെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നും പിന്തുടര്‍ന്നു പോരുന്നു. തുലാമാസത്തിലും മീനമാസത്തിലുമായി പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍, ശംഖുംമുഖം കടപ്പുറത്തെ പ്രശസ്തമായ ആറാട്ട്, ധനുമാസം വെളുത്ത പക്ഷത്തിലെ പ്രശസ്തമായ സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നിവ ക്ഷേത്ര പൈതൃകത്തിന്റെ മുറതെറ്റാത്ത പിന്തുടര്‍ച്ചകളാണ്. ഇതിനെല്ലാം അപ്പുറത്ത് ഭാരതീയ ക്ഷേത്രങ്ങളിലെ മഹോത്സവങ്ങളുടെ മുന്‍നിരയിലേക്ക് പത്മനാഭസ്വാമി ക്ഷേത്രത്തെ കൊണ്ട് നിര്‍ത്തുന്ന ഒന്നുണ്ട്. ആറുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ചരിത്ര പ്രസിദ്ധമായ മുറജപവും, ലക്ഷദീപവും. നാടിന്റെയും ജനതയുടെയും ഐശ്വര്യത്തിനും സുരക്ഷയ്ക്കുമായാണ് ഇത് നടത്തപ്പെടുന്നത്. 1750ല്‍ ക്ഷേത്ര പുനരുദ്ധാരണാനന്തരം മാര്‍ത്താണ്ഡവര്‍മ്മയാണ് ഇതിന് തുടക്കം കുറിച്ചത്. നാടിന്റെ നന്മയ്ക്കായി യാഗാഗ്നിക്ക് മുന്നിലുയരുന്ന വേദമന്ത്രങ്ങളുടെ ഈ മഹോത്സവം തിരുവിതാംകൂറിന്റെ സംസ്‌കാരത്തിന്റെ കൊണ്ടാടല്‍ കൂടിയാണ്.
ജാതി സങ്കല്പങ്ങളില്‍ നിന്നും മുക്തമായ ക്ഷേത്രപാരമ്പര്യമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ ആദ്യ ദീപം തെളിയിച്ചത് ഒരു പുലയ സ്ത്രീയാണെന്ന് വിശ്വസിച്ച് പോരുന്നു. അന്നുമുതല്‍ വിഗ്രഹത്തിന് നേദിക്കാനുള്ള അരിയും ഈ പുലയകുടുംബത്തില്‍ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. അതിനായി പുത്തരിക്കണ്ടം എന്ന പാടം ആ കുടുംബത്തിന് വില്വമംഗലം ദാനം ചെയ്തു എന്നാണ് കഥ. വര്‍ണ്ണവെറിയുടെയും വര്‍ഗ്ഗീയലഹളകളുടെയും കാലത്തും തിരുവിതാംകൂര്‍ എന്തുകൊണ്ട് ശാന്തമായിരുന്നു എന്ന ചോദ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രമെന്ന ഉത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നത് അങ്ങനെയാണ്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍വ്വഹിച്ച തൃപ്പടിദാനം പ്രധാന വഴിത്തിരിവായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ സര്‍വ്വരാജ്യവും സ്വത്തുകളും ഉള്‍പ്പെടെ എല്ലാം പത്മനാഭന് അടിയറവ് വെച്ചു. പിന്നീട് രാജാവ് പത്മനാഭന്റെ പ്രതിരൂപമായി നിന്ന് ഭരണം നടത്തുകയാണ് ചെയ്തത്. ഇത് ലോകരാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതുമയായി എഴുതപ്പെട്ടു. പിന്നീട് പത്മനാഭസ്വാമി ക്ഷേത്രം രാഷ്ട്രീയ മാനത്തോടെ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് മുറജപം എന്ന ആചാരത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളിലൂടെ ആയിരുന്നു.
തിരുവിതാംകൂറിന്റെ ചരിത്രത്തിനും ജീവിതത്തിനും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും വേര്‍പെട്ട് ഒരു നിലനില്‍പ്പില്ല. ഭക്തി പാരമ്പര്യത്തിനും ജാതി-മത ചിന്തകള്‍ക്കും അപ്പുറത്ത് ഏകതാനമായ ഒരു വിശ്വാസം ഈ നാടിനെ വളര്‍ത്തിയ കഥയാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദന്തഗോപുരങ്ങള്‍ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.
Post Your Comments