
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും അധികം പറഞ്ഞു കേട്ട വാക്കുകളില്‍ ഒന്നാണ് അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ എന്നത്. അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടത് മുന്നണിയുടെ സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴാണ് അത്തരത്തില്‍ ഒരു ആരോപണം ഉണ്ടായത്. എന്നാല്‍ ഇന്ന് ഇടതുപക്ഷം ഭരിക്കുമ്പോള്‍ പേരിന് പോലും ഒരു സമരം നടത്താന്‍ യുഡിഎഫിന് കഴിയുന്നില്ല എന്നതാണ് വാസ്തവം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം ഒരു എംഎല്‍എ മാത്രമുള്ള ബിജെപിയാകട്ടേ സമരമുഖത്ത് ശക്തമാണ്. പ്രത്യേകിച്ചും പോഷക സംഘടനയായ യുവമോര്‍ച്ച ഈ കാര്യത്തില്‍ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കൂടാതെ കള്ളപ്പണ മുന്നണികള്‍ക്കെതിരെ നാല് മേഖലകളിലും ബിജെപി നടത്തിയ യാത്രയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുത്തനുണര്‍വ്വ് നല്‍കി. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരെ ഗ്രാമങ്ങള്‍ തോറും സായാഹ്ന സദസുകള്‍ സംഘടിപ്പിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞു. അടുത്തതായി ഭൂമാഫിയക്ക് എതിരെയുള്ള വന്‍ പ്രക്ഷോഭങ്ങള്‍ക്കും പാര്‍ട്ടിയും മുന്നണിയും തുടക്കമിട്ടു. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തിന്റെ ‘റോള്‍’ കൈകാര്യം ചെയ്യുന്നത് ബിജെപി ആണെന്ന് പോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി . ഈ സാഹചര്യത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
? നിഷ്ക്രീയമായ പ്രതിപക്ഷമാണല്ലോ കേരളത്തില്‍ ഇന്നുള്ളത്?
?ആരു പറഞ്ഞു പ്രതിപക്ഷം നിഷ്ക്രീയമാണെന്ന്? കോണ്‍ഗ്രസ് നിഷ്ക്രീയമാണെന്ന് പറയൂ. കേരളത്തില്‍ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണ്. ഞങ്ങള്‍ ചലനാത്മകമാണ്, സജീവമാണ്. അത് ജനങ്ങളും അംഗീകരിക്കുന്നു. പ്രതിപക്ഷം എന്ന വാക്ക് ഉച്ഛരിക്കാന്‍ പോലുമുള്ള അര്‍ഹത കോണ്‍ഗ്രസിനില്ല. അവര്‍ കാണിക്കുന്നത് വിധേയത്വം ആണ്. മുമ്പ് ഇടത് മുന്നണി തങ്ങളോട് കാട്ടിയ മൃദുസമീപനത്തിനുള്ള ഉപകാരസ്മരണ!
? ബിജെപിയെ സംബന്ധിച്ചടത്തോളം അതൊരു വെല്ലുവിളിയല്ലേ?
?വെല്ലുവിളിയല്ല, ഉത്തരവാദിത്വം എന്ന് പറയുന്നതാണ് ശരി. കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ കടമ മറന്നപ്പോള്‍ ഞങ്ങള്‍ അത് നിറവേറ്റി. അനാവശ്യ സമരങ്ങള്‍ അല്ല ഇവിടെ നടക്കുന്നത്. അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും എതിരെയൊണ് ബിജെപി സമരം ചെയ്യുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ ബി ടീം ആയി കോണ്‍ഗ്രസ് മാറി. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ബി ടീം ആയി സിപിഎം മാറി. കൂട്ടുമുന്നണിയിലെ ഘടക കക്ഷികളാണ് കോണ്‍ഗ്രസും സിപിഎമ്മും.
? കണ്ണൂരിലെ അക്രമസംഭങ്ങള്‍ തുടരുകയാണല്ലോ…?
? ജനങ്ങളുടെ ജീവനും സ്വത്തിനും പോലും സുരക്ഷ നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കണ്ണൂരില്‍ സിപിഎം നടത്തുന്ന നരനായാട്ട് മാത്രമേ ജനങ്ങള്‍ കേള്‍ക്കുന്നുള്ളു. ഒട്ടനവധി ആളുകളുടെ വസ്തു വകകളാണ് ഇവിടെ സിപിഎം അക്രമികള്‍ നശിപ്പിച്ചിരിക്കുന്നത്. അക്രമങ്ങളില്‍ പരിക്കേറ്റരും ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്. സത്യത്തില്‍ ആഭ്യന്തര വകുപ്പ് നോക്കു കുത്തിയായി മാറിയിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമികളാണ് കണ്ണൂര്‍ ഭരിക്കുന്നത്.
? പ്രവര്‍ത്തകരുടെ ആശങ്കകള്‍ എങ്ങനെ പരിഹരിക്കും?
? മാര്‍ക്സിസ്റ്റുകാരുടെ അക്രമങ്ങളെ ധീരമായി നേരിട്ടാണ് കേരളത്തിലെ ബി.ജെ.പി ഇത്രയും വളര്‍ന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആണെന്ന് ഓര്‍മ്മ വേണം. അക്രമങ്ങള്‍ തുടര്‍ന്നാല്‍ പല കടുത്ത നടപടികളിലേക്കും കേന്ദ്ര സര്‍ക്കാര്‍ പോയെന്ന് വരും. മാര്‍ക്സിസ്റ്റ് അക്രമങ്ങളില്‍ കൊല്ലപ്പെടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേല്‍ക്കേറ്റവര്‍ക്കും ആവശ്യമായ സാമ്പത്തിക സഹായം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇനി രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ അവര്‍ അത് ചെയ്ത് ഇല്ലെങ്കിലും ബിജെപി സ്വന്തം പ്രവര്‍ത്തകരെ സംരക്ഷിക്കും.
? കേന്ദ്രം നടപ്പാക്കുന്ന ജനകീയ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടോ?
?നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തരുതെന്നാണ് കേരളത്തില്‍ ഭരണം നടത്തുന്നവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ തെളിവാണ് പല പദ്ധതികള്‍ക്കും കേന്ദ്രം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ ചില്ലിക്കാശ് പോലും വിനിയോഗിക്കാതിരുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് പാവപ്പെട്ടവരോടുള്ള ക്രൂരതയാണ്. ഇത് ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് മുക്ത ഭാരതം; മാര്‍ക്സിസ്റ്റ് മുക്ത കേരളം എന്ന! ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പൊതുസമൂഹം ഒരുങ്ങി കഴിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകള്‍ അതിന്റെ നിദര്‍ശനമാകും. അഴിമതിയുടെ കറപുരളാത്ത സര്‍ക്കാരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ച് കുട്ടിച്ചോറാക്കിയ രാജ്യത്തെ ഉന്നതിയിലേക്ക് കൊണ്ടുവരാനുള്ള തീവ്ര ശ്രമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. അതിന് പൂര്‍ണ്ണ പിന്തുണ കേരളത്തിലെ ജനങ്ങളും നല്‍കും.
ഉത്തരവാദിത്വപ്പെട്ട നേതാവെന്ന നിലയില്‍ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളാണ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗമായ പി കെ കൃഷ്ണദാസ് പങ്കു വച്ചത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന കാഴ്ചപ്പാടാണ് ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ എന്താവശ്യങ്ങളെയും കേന്ദ്രം അനുഭാവ പൂര്‍വ്വമാണ് നോക്കി കാണുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
Post Your Comments