തമിഴ് നാടിനെ മുൾമുനയിൽ നിർത്തിയ ജെല്ലിക്കെട്ട് പ്രശ്നത്തിന് ഏതാണ്ടൊരു സമാധാനമായി. എന്നാൽ ആരാണ് ഈ പ്രശ്നത്തെ ആ നിലയിലേക്ക് എത്തിച്ചത് എന്നത് ഗൗരവമുള്ള വിഷയമാണ്. ജെല്ലിക്കെട്ട് നിരോധിച്ചശേഷമുള്ള രണ്ടുവര്ഷങ്ങളിൽ കാണാതിരുന്ന പ്രക്ഷോഭം എങ്ങിനെ ഉടലെടുത്തു; എങ്ങിനെ അത് ഈ തലത്തിലേക്കെത്തി എന്നതൊക്കെ അന്വേഷണവിധേയമാക്കേണ്ടതുണ്ട്. അതിനുപിന്നിൽ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തന്ത്രങ്ങളാണ് എന്നതാണ് ഇന്നലെ ചില ഇടത് വക്താക്കൾ ഉന്നയിച്ചുകണ്ടത് . ജയലളിതയുടെ വിടവാങ്ങൽ ഉണ്ടാക്കിയ ഒരു ‘രാഷ്ട്രീയ വിടവ് ‘ ( political space) നികത്താൻ ബിജെപി ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും മറ്റും ആക്ഷേപിച്ചവരും ചൂണ്ടിക്കാണിച്ചവരുമൊക്കെയുണ്ട്. അതൊക്കെ അപ്രതീക്ഷിതമല്ല. ഇത്തരമൊരു പ്രക്ഷോഭം സാധാരണ നിലക്ക് ഉണ്ടാവില്ല എന്ന വിലയിരുത്തൽ അവരും നടത്തുന്നു എന്നതാണ് ഈ പരാമർശങ്ങൾക്ക് അടിസ്ഥാനം. പിന്നെ എന്തിനും ബിജെപിയെ പഴിക്കുന്നത് ഒരു നല്ലകാര്യമാണ് എന്ന് കരുതുന്നവരാണല്ലോ ഇവരെല്ലാം. എന്നാൽ ജെല്ലിക്കെട്ട് പ്രശ്നം ഉയർന്നപ്പോൾ തന്നെ അത് കഴിയുന്നത്ര ഭംഗിയായി പരിഹരിക്കാൻ എന്തെല്ലാം ചെയ്യാമോ അതിനൊക്കെ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത് എന്നത് വിസ്മരിച്ചുകൂടാ.
യഥാർഥത്തിൽ അതിനു പിന്നിൽ അതിലേറെ കരുത്തും ദുഷ്ടലാക്കുമുള്ള ശക്തികൾ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. അവിടേക്കു ജനങ്ങൾ ഒഴുകിയെത്തിയത് തന്നെ അതിനൊരു കാരണം. ചില പ്രതിപക്ഷ രാഷ്ട്രീയകക്ഷികൾ അതിന് സഹായകരമായ നിലപാടും നടപടികളും എടുത്തിട്ടുണ്ടാവാം. പക്ഷെ അതിനപ്പുറം ഇതിനെ ഇത്തരത്തിലൊരു പ്രക്ഷോഭമായി തിരിച്ചുവിടാൻ ശ്രമിച്ചത് ചില ദേശ വിരുദ്ധ ശക്തികൾ തന്നെയാണ് ; ചില മതമൗലികവാദ പ്രസ്ഥാനങ്ങൾ അതിൽ വഹിച്ച പങ്കു് അത്ര ചെറുതൊന്നുമല്ല. തങ്ങൾ ജെല്ലിക്കെട്ടിനും അത് പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തിനും എതിരാണ് ; എന്നാൽ ജെല്ലിക്കെട്ട് സമരം ശക്തിയാർജ്ജിക്കണം എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. അതിനിടയിൽ ഹിന്ദുത്വ പ്രസ്ഥാനങ്ങളെ താറടിച്ചു കാണിക്കണം; നരേന്ദ്ര മോഡി ആക്രമിക്കപ്പെടണം. അതിലെല്ലാമുപരി തങ്ങൾക്ക് അവർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ ഈ വേള പ്രയോജനപ്പെടുത്തണം. ഇതായിരുന്നു ചില മത സംഘടനകൾ നൽകിയ നിർദ്ദേശം.അത് വാട്സാപ്പിലൂടെ പ്രചരിക്കുകയും ചെയ്തു. തമിഴ് ഈലം പോലുള്ള ആവശ്യങ്ങൾ അതിനിടയിൽ മറീന ബീച്ചിൽ ഉയർന്നതും ഈ ശക്തികളുടെ താല്പര്യപ്രകാരമാണ് . ഭാഗ്യമെന്ന് പറയട്ടെ, അത് വേണ്ടസമയത്ത് തിരിച്ചറിയാൻ കേന്ദ്ര – സംസ്ഥാന ഏജൻസികൾക്കായി. പ്രശ്നം പരിഹൃതമാവുന്ന വേളയിൽ മറീനയിൽ ഒരു പ്രശ്നമുണ്ടാക്കാൻ പോലും ഇക്കൂട്ടർ ശ്രമം ആരംഭിച്ചിരുന്നു എന്നതും സ്മരിക്കേണ്ടതുണ്ട്.
മറീന ബീച്ചിൽ സമരത്തിനെത്തിയ അമ്മമാർ കയ്യിൽ സൂക്ഷിച്ചിരുന്ന പ്ലേ കാർഡുകൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. അതിൽ രണ്ടുമൂന്ന് പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, നേരത്തെ സൂചിപ്പിച്ചതുപോലെ, നരേന്ദ്ര മോദിക്കെതിരെയുള്ളതാണ്. കേരളത്തിൽ വെച്ച് മോദിയെ നരാധമൻ എന്ന് വിളിച്ചവരുടെ പിൻഗാമികളായിരുന്നു അവിടെയുണ്ടായിരുന്നത് എന്ന് പറയുന്നതാണ് നല്ലത് . മറ്റൊന്ന്, ജെല്ലിക്കെട്ട് പ്രശ്നം ഉണ്ടാക്കിയത് മോഡി സർക്കാരാണ് എന്നതാണ് . യഥാർഥത്തിൽ സത്യവുമായി പുല ബന്ധം പോലുമില്ലാത്തകാര്യമാണത്. ജെല്ലിക്കെട്ട് നിരോധിക്കാൻ നടപടി എടുത്തത് യുപിഎ സർക്കാരാണ്. കോൺഗ്രസ് നേതാവായ ജയറാം രമേഷായിരുന്നു അന്ന് പരിസ്ഥിതി മന്ത്രി. അതിനായി നിയമനിർമ്മാണം നടത്താൻ തയ്യാറായത് അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് . മറ്റൊന്ന്, ഈ പ്രശ്നം സുപ്രീം കോടതിയിൽ എത്തിച്ചതിൽ വലിയ പങ്ക് വിദേശ സംഘടനയായ ‘പെറ്റ’ക്കാണ് . കോൺഗ്രസ് വക്താവും രാജ്യസഭാംഗവുമായ മനു അഭിഷേക് സിംഗ്‌വി ആണ് അന്ന് സുപ്രീം കോടതിയിൽ അവർക്കുവേണ്ടി ഹാജരായത്. അതായത് , അന്നത്തെ യുപിഎ സർക്കാരും കോൺഗ്രസും കോൺഗ്രസുകാരനായ വക്കീലും ചേർന്നാണ് യഥാർഥത്തിൽ ജെല്ലിക്കെട്ട് നിരോധനത്തിന് കളമൊരുക്കിയത്. അത് നടത്തുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്തത്. അതാണ് സുപ്രീം കോടതി അസാധുവാക്കിയത്. എന്നിട്ടും നരേന്ദ്ര മോദിയെയും ബിജെപിയെയും ഇതിലേക്ക് വഴിച്ചിഴച്ചത് എന്തോ താല്പര്യം ഉള്ളതുകൊണ്ടാണല്ലോ. അതിന് പിന്നിലും ഇതേ മത സംഘടനകൾ തന്നെ. നാട്ടിലെങ്ങും കലാപം അഴിച്ചുവിട്ടതും പോലീസ് സ്റ്റേഷൻ തീയിട്ടതും പോലീസിനെ ആക്രമിച്ചതുമൊക്കെ ഇതൊനൊപ്പം ചേർത്തുവെച്ചുവായിക്കണം. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാൻ കഴിയാത്തവിധം സംവിധാനങ്ങൾ ഒരുക്കി എന്നതും കാണാതെ പോയ്ക്കൂടാ.
ഇനി ആ പിന്നാമ്പുറ കളിക്കാരുടെ വാട്സാപ്പ് മെസ്സേജ് ഒന്നുനോക്കാം. അതിൽ കുറെ നിർദ്ദേശങ്ങളാണ് ഉള്ളത്. എത്ര സമർഥമായാണ് അവർ ഈ സമരത്തെ ഹൈജാക് ചെയ്യാൻ ശ്രമിച്ചതെന്ന് അതിൽ നിന്നും വ്യക്തമാണ്. ആ നിർദ്ദേശങ്ങൾ ഒന്നൊന്നായി താഴെ കുറിക്കാം. അത് വായിച്ചാൽ പിന്നെ കൂടുതൽ എന്തെങ്കിലും വിശദീകരണം ആവശ്യമുണ്ടാവില്ല.
ഇൻഷാ അള്ളാ എന്ന് പറഞ്ഞുതുടങ്ങുന്നതാണ് ആ വാട്സാപ്പ് മെസ്സേജ്. ഇനി അതൊന്ന് പരിശോധിക്കൂ, ഒന്നൊന്നായി.
ഒന്ന് : നാം കൊന്ന് തിന്നുന്ന മൃഗത്തെ ആരാധിക്കുന്നത് നമ്മുടെ മതത്തിനു എതിരാണ്. എന്നാൽ നമ്മുടെ മതത്തിന്റെ പ്രചാരണത്തിനും രാഷ്ട്രീയമായ പ്രയോജനം ഉണ്ടാക്കുന്നതിനുംനമ്മുടെ സമുദായത്തിൽ പെട്ടവർ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
രണ്ട് : കഴിയുന്നത്ര എല്ലാ വിധത്തിലും ഇതിന്റെ ദിശ മോഡി എന്ന നായിനെതിരെ ( dog Modi) തിരിച്ചുവിടുന്നുവെന്ന് ഉറപ്പാക്കണം.
മൂന്ന് : പ്രക്ഷോഭത്തിനിടെ വിളിക്കാനുള്ള മുദ്രാവാക്യങ്ങളുമായി വേണം പോകാൻ.
നാല് : സാമ്പത്തികമായി കഴിവുള്ളവർ പ്രക്ഷോഭ വേദിയിൽ കൂടിയവർക്ക് ഭക്ഷണം കൊടുക്കാൻ തയ്യാറാവണം.
അഞ്ച് : ഗോ സംരക്ഷണം ആവശ്യപ്പെടുന്നവർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും അത് കഴിയുന്നത്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും ശ്രമിക്കണം. നമ്മൾ മുസ്ലിങ്ങൾ അത്തരം നിലപാട് ഉയർത്തുന്നവർക്കൊപ്പമാണ് എന്ന പ്രതീതി ഉണ്ടാക്കാൻ അത് സഹായിക്കും.
ആറ് : പ്രക്ഷോഭ വേദിയിൽ നമസ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.
ഏഴ് : മോഡിക്കെതിരെ സംസാരിക്കാൻ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കണം. ഏതെങ്കിലും വേളയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ അവസരം കിട്ടിയാൽ അവർക്കത് ഭംഗിയായി ചെയ്യാൻ കഴിയും.
എട്ട് : അള്ളാ നമുക്കായി സൃഷ്ടിച്ച സുവർണ്ണാവസരമാണിത്. അത് പരമാവധി വേണ്ടുന്നവിധം മുതലെടുക്കാൻ കഴിയും എന്ന് ഉറപ്പാക്കുക.
ഇംഗ്ലീഷിൽ മാത്രമല്ല, തമിഴിലും ഈ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഇവിടെ എത്രമാത്രം ശ്രദ്ധ മത തീവ്രവാദികൾ ഓരോ കാര്യത്തിലും ചെലുത്തി എന്നത് നോക്കുക. ശരിയാണ്, ഈ സമരത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും അണിനിരന്നിരുന്നു. എന്നാൽ അത്ര പെട്ടെന്ന്, മുൻപെങ്ങും കാണാത്തവിധത്തിലായിരുന്നു മറീന ബീച്ചിലെ പ്രക്ഷോഭം. പെട്ടെന്ന് നാടിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ മറീനയിലേക്ക് കുതിച്ചെത്തുകയായിരുന്നുവല്ലോ. ജയലളിതയുടെ മരണവേളയിലും മറ്റും കണ്ടതുപോലെ. എന്താണിങ്ങനെ സംഭവിക്കാൻ കാരണം എന്ന അന്വേഷിക്കാൻ പ്രേരിപ്പിച്ചത് പല സംശയങ്ങളാണ്. മത തീവ്രവാദികൾ മാത്രമല്ല തമിഴ് ഈലം പോലുള്ള ശക്തികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഈ തമിഴ് ഗ്രൂപ്പുകൾക്ക് മത തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധവും സംശയാസ്പദമാവുന്നു എന്നതും കെ പറയാതെവയ്യ.
തമിഴ് സിനിമ പ്രവർത്തകർ അവിടെയെത്തി എന്നത് ശരിയാണ്. അവരാരെങ്കിലും ഇത്തരം ചില ദേശവിരുദ്ധ ശക്തികളുടെ കയ്യിലെ കളിപ്പാവയായി എന്നൊന്നും കരുതുകവയ്യ. അവരെത്തിയത് ഒരുപക്ഷെ തമിഴ്‌നാടിന്റെ ഒരു പ്രശ്നമെന്ന നിലക്കാവണം.അതിനൊപ്പം നിലകൊണ്ടില്ലെങ്കിൽ തങ്ങൾ ഒറ്റപ്പെടുമെന്ന ആശകയും ഈ സിനിമ താരങ്ങൾക്കുണ്ടാവാം. മലയാളത്തിലെ ചില പ്രധാന താരങ്ങൾ പോലും തമിഴിൽ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത് നാമൊക്കെ കണ്ടതാണ്, സമരം അവസാനിച്ചതിന് ശേഷമാണെങ്കിലും.
ഇതൊരു ചെറിയ പ്രശ്നമല്ല. ജനങ്ങൾ ശ്രദ്ധയോടെ കാണേണ്ട വിഷയമാണുതാനും. ജയലളിത വിട്ടുപോയതിനുശേഷം തമിഴ്‌നാട്ടിൽ ഒരു അനിശ്ചിതത്വം ഉണ്ട്. ജയയുടെ ഭരണകാലത്തായിരുന്നുവെങ്കിൽ ഇത്തരമൊരു സമരത്തെക്കുറിച്ചുപോലും ആരും ചിന്തിക്കുമായിരുന്നില്ല. അതിനെ നേരിടാൻ അവർക്കാവുമായിരുന്നു. ഇത്തവണ കേന്ദ സർക്കാർ അത് മനസിലാക്കി; വേണ്ടുന്ന നിർദ്ദേശങ്ങൾ തമിഴ്‌നാടിന് നൽകിക്കൊണ്ടിരുന്നു. ഇന്നലെ രാവിലെ മറീന ബീച്ചിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ നിർദ്ദേശം വന്നതും ഐ ബിയിൽ നിന്നായിരുന്നുവത്രെ. അവിടെ ചില കുഴപ്പങ്ങൾക്ക് ഒരുക്കം നടന്നിരുന്നു എന്നതാണ് അതിനുകാരണം.
ഓരോ പ്രശ്നത്തെയും എങ്ങിനെയാണ് ചില ശക്തികൾ പ്രയോഗിക്കുന്നത് എന്നതിന് വേറെ തെളിവെന്തിന്. ഇവിടെയാണ് രാജ്യം കരുതലോടെ ഇരിക്കേണ്ടത്. നമുക്കുചുറ്റും ഇത്തരം ശക്തിയുണ്ട് എന്നത് മറന്നുകൂടാ. എല്ലാ മുസ്ലിങ്ങളും അങ്ങിനെയാണ് എന്നാരും കരുതരുത്. ഇത്തരക്കാർ തുലോം കുറവാണ്. പക്ഷെ അവർക്കു ഇവിടെ പലതും ചെയ്യാൻ കഴിയുന്നു. ഇത് രാജ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്നിപ്പോൾ ജെല്ലിക്കെട്ടിന്റെ പേരിൽ തമിഴ്‌നാട്ടിൽ ആണെങ്കിൽ നാളെ മറ്റൊരു വിഷയത്തിന്റെ മറവിൽ, മറ്റൊരു പ്രശ്നത്തിന്റെ പേരിൽ നമ്മുടെ നാട്ടിലും ഇവർ അവതരിച്ചുകൂടായ്കയില്ല എന്നത് ശ്രദ്ധയിൽ വേണം.
Post Your Comments