പത്തനംതിട്ട: കേരളത്തിലെ ഭൂസമരങ്ങള്‍ ഏകോപിപ്പിക്കാന്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ഭൂസമര സമ്പര്‍ക്ക യാത്രക്ക് തുടക്കമായി. പത്തനംതിട്ട ജില്ലയിലെ ഗവിയിലെ ഭൂസമരവേദിയില്‍ നിന്നാണ് സമ്പര്‍ക്കം ഔപചാരികമായി തുടങ്ങിയത്. കേരളത്തിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധിക്കുകയാണന്ന് കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യം. അടിസ്ഥാന ആവശ്യമായ കിടപ്പാടം സാധാരണക്കാര്‍ക്ക് എന്തുകൊണ്ടാണ് നിഷേധിക്കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭൂമി എന്നത് ആരുടെയും ഔദാര്യമല്ല അവകാശമാണ്. ഭൂമി സംബന്ധമായ കേസുകളില്‍ സര്‍ക്കാര്‍ തോല്‍വി ചോദിച്ചു വാങ്ങുകയാണ്.
കേസിന്റെ അന്തിമഘട്ടത്തില്‍ അഭിഭാഷകരെ മാറ്റി കേസുകള്‍ അട്ടിമറിച്ചു. ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയാറുള്ള ആരുമായും സഹകരിക്കാന്‍ ബിജെപി തയാറാണ്. കേരളത്തിലെ ഭൂസമരങ്ങള്‍ പരാജയപ്പെടാനുള്ള കാരണം ഏകോപനം ഇല്ലായ്മയാണ്. ഈ പോരായ്മ ബിജെപി പരിഹരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രമാണ് ഭൂരഹിതര്‍ ഒരു തുണ്ട് ഭൂമിക്കായി അലയുന്നത് . സി പി എം ബി ജെ പി യെ പട്ടികജാതി സ്‌നേഹം പഠിപ്പിക്കണ്ട. രാജ്യത്ത് ഏറ്റവും കൂടുതല്‍ പട്ടികജാതി എംപി മാരുള്ള പാര്‍ട്ടിയാണ് ബിജെപി.
ടൂറിസം സര്‍ക്യൂട്ടിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടിയില്‍ നിന്ന് ഒരു വിഹിതം ഗവിയിലെ ഭൂരഹിതര്‍ക്കായി മാറ്റിവെക്കണം. ഇതിനായി വനം വികസന കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ഭൂസമരകേന്ദ്രങ്ങളായ ഗവി, കൊച്ചു പമ്പ, മീനാര്‍ എന്നിവിടങ്ങള്‍ കുമ്മനം സന്ദര്‍ശിച്ചു. ഗവി സമരനായിക 80 കാരി വള്ളിയമ്മയെ കുമ്മനം ആദരിച്ചു. സംസ്ഥാന വക്താക്കളായ അഡ്വ ജെ ആര്‍ പത്മകുമാര്‍, അഡ്വ ജയസൂര്യന്‍ പാല, ജില്ല അദ്ധ്യക്ഷന്‍ അശോകന്‍ കുളനട, ജില്ല ജനറല്‍ സെക്രട്ടറി ഷാജി ആര്‍ നായര്‍, സെക്രട്ടറി എം ജി കൃഷ്ണകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരളത്തില്‍ ഭൂ സമരങ്ങള്‍ നടക്കുന്ന 22 കേന്ദ്രങ്ങളും വരും ദിവസങ്ങളില്‍ കുമ്മനം സന്ദര്‍ശിക്കും.
Post Your Comments