തിരുവനന്തപുരം; മെട്രോ പദ്ധതികൾ ചുവപ്പു നാടയിൽ കുരുങ്ങി ഇഴയുന്നതിൽ മെട്രോ മാൻ ഇ ശ്രീധരന് കടുത്ത അതൃപ്തി. 46 ദിവസം കൊണ്ട് പാമ്പൻ പാലവും പറഞ്ഞ കാലാവധിക്കും മൂന്നു മാസം മുൻപേ കൊങ്കൺ പാതയും പൂർത്തീകരിച്ച ഇ ശ്രീധരന് കേരളത്തിലെ കൊച്ചി മെട്രോ ഇതുവരെ പൂർത്തീകരിക്കാത്തതിന് പിറകെയാണ് ലൈറ്റ് മെട്രോ നടത്താൻ കാലതാമസം നേരിടുന്നതിൽ അമർഷം.തീരുമാനങ്ങളെടുക്കാൻ വൈകുന്നത് ലൈറ്റ് മെട്രോയുടെ ചെലവ് കുത്തനെ കൂട്ടും. രണ്ടുവർഷം വൈകിയാൽ നാണയപ്പെരുപ്പം കാരണം മാത്രം 12 ശതമാനം ചെലവ് കൂടും. കോച്ചിനുള്ള ടെൻഡർരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. 1200 കോടിയുടേതാണ് കരാർ.
അധികചെലവ് ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീധരൻ പറയുന്നു. എന്നാൽ കേരളത്തിലെ ഉദ്യോഗസ്ഥ ലോബിക്ക് അഴിമതിയോടാണ് താൽപ്പര്യം. ശ്രീധരനെത്തിയതോടെ ഇതിനുള്ള സാധ്യത പൂർണ്ണമായും അടഞ്ഞു. എങ്ങനേയും ശ്രീധരനെ കേരളത്തിൽ നിന്ന് ഓടിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് കൊച്ചി മെട്രോയെക്കാൾ വൈകുകയാണ് ലൈറ്റ് മെട്രോയിലെ തീരുമാനങ്ങൾ. ഈ സാഹചര്യത്തിലാണ് നേരിട്ട് ശ്രീധരൻ എത്തുന്നത്. കേന്ദ്രാനുമതി ലഭിച്ച ശേഷം കോച്ചുകൾ ബുക്ക് ചെയ്യാൻ കാത്തിരിക്കേണ്ട എന്ന ശ്രീധരന്റെ അഭിപ്രായത്തിനോട് കെ ആർ ടി എൽ വിയോജിപ്പ് പ്രകടിപ്പിച്ചു.തികച്ചും സുതാര്യമായി മത്സരാധിഷ്ഠിത സ്വഭാവത്തിലുള്ള അന്താരാഷ്ട്ര ടെൻഡറാണ് കോച്ചുകൾക്കായി വിളിക്കുന്നതെന്ന് ശ്രീധരൻ വിശദീകരിച്ചതോടെ സർക്കാർ തീരുമാനമെടുക്കട്ടെയെന്നാണ് കെ.ആർ.ടി.എല്ലിന്റെ നിലപാട്.
ഇതാണ് മന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിക്കാൻ ശ്രീധരൻ മുന്നിട്ടിറങ്ങാൻ കാരണം.
ഇക്കാര്യത്തിൽ സർക്കാരിന്റെ അനുകൂല തീരുമാനമുണ്ടാകണമെന്ന് ശ്രീധരൻ ആവശ്യപ്പെടും.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയ്ക്ക് ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനമിറക്കിയെങ്കിലും ആദ്യം പൂർത്തിയാക്കേണ്ട കോഴിക്കോട്ട് ഒരു നടപടിയുമായിട്ടില്ല. ലൈറ്റ് മെട്രോ പദ്ധതിക്കായി 2014 ഒക്ടോബറിൽ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതിരേഖ ഒരുവർഷത്തിലേറെ പൂഴ്ത്തിവച്ചശേഷമാണ് കേന്ദ്രത്തിലേക്കയച്ചത്. 12 കേന്ദ്ര മന്ത്രാലയങ്ങളുടെയും കേന്ദ്ര എക്സ്പെൻഡിച്ചർ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പരിഗണനയിലാണ് പദ്ധതി.
Post Your Comments