കോട്ടയം: കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെടും. കണ്ണൂർ നഗരത്തിൽ സർക്കാർ കലോത്സവം നടത്തുമ്പോൾ ഗ്രാമങ്ങളിൽ സിപിഎം കൊലയുടെ ഉത്സവം നടത്തുകയാണ്. കലോത്സവ വേദികളിൽ കുട്ടികൾ സർഗ്ഗസൃഷ്ടി നടത്തുമ്പോൾ സിപിഎമ്മുകാർ പാർട്ടിഗ്രാമങ്ങളിൽ മനുഷ്യക്കുരുതി നടത്തുകയായിരുന്നു.
കേരളത്തിൽ പൊലീസുകാർക്ക് പോലും രക്ഷയില്ലാതായെന്നും കുമ്മനം പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഎമ്മുകാർ അക്രമിച്ച പൊൻകുന്നം പൊലീസ് സ്റ്റേഷൻ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സമാധാന ചർച്ച നടന്ന് 2 മാസത്തിനുള്ളിൽ മാത്രം 4 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. നിരവധി പേർ ഗുരുതരാവസ്ഥയിലായി. സിപിഎമ്മിന്‍റെ ചോരക്കളിക്ക് പൊലീസ് കൂട്ടു നിൽക്കുകയാണ്.
ബിജെപി പ്രവർത്തകന്‍റെ കൊലപാതകം നടന്ന ധർമ്മടത്ത് പകൽ സമയത്ത് വീടുകളിൽ കയറി പൊലീസ് സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയാണ്. ഇതേത്തുടർന്ന് പലർക്കും വീട് വിട്ടു പോകേണ്ടി വന്നു. രാത്രിയിൽ സിപിഎം പ്രവർത്തകർ കൊലപാതകം നടത്തുകയും ചെയ്യുന്നു. കേരളത്തിലെ ക്രമസമാധാന നില ഇതിൽ കൂടുതൽ എന്ത് തകരാനാണെന്ന് ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. സിപിഎമ്മിന്‍റെ അസഹിഷ്ണുതയെപ്പറ്റി സാംസ്കാരിക നായകർക്ക് പ്രതികരണമില്ലാത്തത് എന്താണെന്നും കുമ്മനം ചോദിച്ചു. ജില്ലാ അദ്ധ്യക്ഷൻ എൻ ഹരിയും ഒപ്പമുണ്ടായിരുന്നു.
Post Your Comments