ഷൊര്‍ണൂര്‍ : റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ സെല്‍ഫി എടുക്കുന്നവര്‍ കുടുങ്ങും. ഓപ്പറേഷന് സെല്‍ഫിയുമായി റെയില്‍വേ പോലീസ് നടപടി തുടങ്ങി. ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ മുകളില്നിന്നുമെല്ലാം സെല്‍ഫി എടുക്കരുതെന്നാണ് റെയില്‍വേ പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരക്കാരെ പിടികൂടുന്നതിനു കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റെയില്‍വേ ആക്ട് പ്രകാരം കേസെടുക്കും. ട്രെയിനിന്റെ മുകള്ഭാഗം, ചവിട്ടുപടി, എന്ജിന് എന്നിവിടങ്ങളില്‍ നിന്നു യാത്ര ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവോ ഇതു രണ്ടും കൂടിയോ ലഭിക്കും. എന്നാല്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്നു സെല്‍ഫിയെടുക്കാന്‍ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ ഈ മേഖലകള്‍ ഏതെല്ലാമാണെന്നു റെയില്‍വേ പോലീസ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ചെന്നൈ നഗരത്തില്‍ മാത്രമാണ് മേല്‍പ്പറഞ്ഞ നിയമം ഉണ്ടായിരുന്നത്. എന്നാല്‍ ഇതു മുഴുവന്‍ സ്ഥലങ്ങളിലേക്കും റെയില്‍വേ ഇതിനകം ബാധകമാക്കിയിരിക്കുകയാണ്. നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്കു മുകളില്‍ നിന്നു സെല്‍ഫിയെടുക്കുന്നതു വര്‍ധിച്ചു വരികയാണ്. ഇതുവഴി വൈദ്യുതി ആഘാതമേറ്റ് മരിക്കുന്നതും ആവര്‍ത്തിക്കുകയാണ്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റെയില്‍വേ കര്‍ശന നടപടിയുമായി ഇറങ്ങിയിരിക്കുന്നത്.
Post Your Comments