തിരുവനന്തപുരം :19 മന്ത്രിമാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോക്ക് കത്തയച്ചു. മുന്‍ യു.ഡി.എഫ് സര്‍ക്കാറിലെ 19 മന്ത്രിമാർക്കെതിരെയാണ് നടപടിക്ക് ശുപാർശ. മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതു ഭരണ വകുപ്പിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. സ്വകാര്യ ടെലഫോണ്‍ ഉപയോഗത്തിലൂടെ പൊതുഖജനാവിന് രണ്ടുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
പായച്ചിറ നവാസ് എന്നയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയശേഷമാണ് വിജിലന്‍സ് ഇക്കാര്യത്തില്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രി ജയലക്ഷ്മി ഒഴികെ മറ്റെല്ലാ മന്ത്രിമാരും നടപടിയ്ക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍പ്പെടുന്നു. ഏറ്റവും കൂടുതൽ പണം ഉപയോഗിച്ചത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. 12 ലക്ഷത്തിലേറെ രൂപയാണ് അദ്ദേഹം ചെലവഴിച്ചത്. പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന എം കെ മുനീര്‍ മുഖ്യമന്ത്രിയ്ക്ക് തൊട്ടുപിന്നിലുണ്ട്. മുനീര്‍ 12, 11244 രൂപയാണ് ചെലവഴിച്ചത്. പി. കെ കുഞ്ഞാലിക്കുട്ടി എട്ടുലക്ഷം രൂപ സ്വകാര്യ ടെലഫോണ്‍ ഉപയോഗത്തിനായി ചെലവഴിച്ചു. കെ ബാബുവാണ് ഏറ്റവും കുറവ് പണം വിനിയോഗിച്ചത്. മൂന്നു ലക്ഷം രൂപ. തുടര്‍നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണ്.
Post Your Comments