തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി രഹിത പദ്ധതി പ്രോത്സാഹനത്തെ രൂക്ഷമായി വിമര്‍ശിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കേന്ദ്രം പുറത്തിറക്കിയ ഭീം ആപ്പിന്റെ മാതൃകയില്‍ സ്വന്തമായി ആപ്പ് വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പേടിഎമ്മിന്റെ ചുവടുപിടിച്ച് സംസ്ഥാന ഐ.ടി വകുപ്പാണ് പുതിയ ആപ്പ് വികസിപ്പിക്കുന്നത്. ഇതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്.
വിശദമായ സുരക്ഷാ പരിശോധനക്കുശേഷം ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐ ഫോണ്‍ വെര്‍ഷനുകള്‍ ഒരേസമയം അവതരിപ്പിക്കാനാണ് തീരുമാനം. കേരളത്തില്‍ ബ്രാഞ്ചുകള്‍ കുറവുള്ള ഒന്‍പതോളം ദേശസാല്‍കൃത ബാങ്കുകള്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായുള്ള ഓണ്‍ലൈന്‍ പണമിടപാടിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ വിവിധ ഫീസുകളും നികുതിയും പിഴയും അടക്കുന്നതിനു വിവിധ വകുപ്പുകളില്‍ നിലവില്‍തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പുതിയ ആപ്പ് വരുന്നതോടെ ഇതുവഴി തന്നെ എല്ലാ വകുപ്പുകളിലേക്കുമുള്ള ഓണ്‍ലൈന്‍ പണമിടപാട് സാധ്യമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Post Your Comments