കോട്ടയം: മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് അനധികൃതമായിയെന്ന് സൂചന. കഴിഞ്ഞ ദിവസം കോളേജിൽ അന്വേഷണത്തിനെത്തിയ സമതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലറായ ഡോ. കുഞ്ചെറിയ 2014 ല്‍ എ.ഐ.സി.ടി.ഇ സെക്രട്ടറിയായിരിക്കുമ്പോഴാണ് കോളേജിന് അംഗീകാരം ലഭിച്ചത്. കോളേജ് പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ 10 ഏക്കര്‍ സ്ഥലം വേണമെന്നാണ് നിയമം. എന്നാൽ മൂന്ന് നിലയുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് വെറും 50 സെന്റിലാണ്.
സ്വന്തമായി പ്രിന്‍സിപ്പാളിന് പോലും കോളേജിൽ ഒരു മുറിയില്ല. മാത്രമല്ല കോളേജ് ഹോസ്റ്റലിന് വാര്‍ഡനില്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് അനുബന്ധമായിട്ടാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. മറ്റ് അധ്യാപകര്‍ക്കൊപ്പം സ്റ്റാഫ് റൂമിലാണ് വൈസ് പ്രിന്‍സിപ്പാള്‍ ഇരിക്കുന്നതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിസി ഡോ.കുഞ്ചെറിയ പറഞ്ഞു. കേരള സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ വി.സി.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടോംസിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. സംഘം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Post Your Comments