Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

പിണറായി മുണ്ടുടുത്ത മോദി : മതപണ്ഡിതന്‍മാര്‍ക്കെതിരെ എന്തിന് യു.എ.പി.എ ചുമത്തണം : കൊടുങ്കാറ്റായി ആഞ്ഞടിച്ച് ലീഗ്

കണ്ണൂര്‍ : പ്രതിപക്ഷത്തിരിക്കുന്ന മുസ്‌ലിം ലീഗ് കൊടുങ്കാറ്റാണെന്ന് ഇടതു സര്‍ക്കാര്‍ മനസിലാക്കുന്നതു നന്നായിരിക്കുമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരെ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ‘ജനജാഗരണം’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുണ്ടുടുത്ത മോദിയാണു പിണറായി വിജയന്‍. ഇടതു സര്‍ക്കാര്‍ വന്ന ശേഷം എല്ലാ പള്ളികളിലും കയറി പണ്ഡിതരെ മുഴുവന്‍ ചോദ്യം ചെയ്യുകയാണ്. നിരപരാധികളെ യു.എ.പി.എ ചുമത്തി ജയിലിലടക്കുന്നു. മതപണ്ഡിതര്‍ തെറ്റു ചെയ്താല്‍ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കേസെടുത്തോട്ടെയെന്നും യു.എ.പി.എ ചുമത്തരുതെന്നും രണ്ടു തവണ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

നടപടിയുണ്ടായില്ല. വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവിരുദ്ധ നിയമങ്ങളുടെ പേരില്‍ ഒട്ടേറെ പേര്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കിടന്നതിനു ശേഷം നിരപരാധികളെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു മുസ്‌ലിം ലീഗും മറ്റു ചില മുസ്‌ലിം സംഘടനകളും ഈ ആവശ്യം ഉന്നയിച്ചത്. ഭീകരബന്ധം ആരോപിച്ച കേസുകളില്‍ 90 ശതമാനത്തിലും പ്രതികളെ വെറുതെ വിടുകയാണുണ്ടായത്.
കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്കു യുഎസിലും ഓസ്‌ട്രേലിയയിലും വന്‍ തുക നഷ്ടപരിഹാരം നല്‍കാറുണ്ട്. ഒന്നും ചെയ്യേണ്ടെന്നാണ് ഇവിടത്തെ നിലപാട്. കറന്‍സി പിന്‍വലിക്കല്‍ അടക്കം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവരോടു പാക്കിസ്ഥാനിലേക്കു പോകാനാണു ചിലര്‍ ആവശ്യപ്പെടുന്നത്. ശശികലയും എ.എന്‍.രാധാകൃഷ്ണനും രാജ്യത്തിനെതിരെ എന്തു പറഞ്ഞാലും യു.എ.പ.ിഎ ചുമത്തില്ല. എന്നാല്‍, മതപഠന ക്ലാസ് എടുക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ ഒരു മടിയുമില്ല.

കേരളത്തില്‍ ഇടതു സര്‍ക്കാരും പൊലീസും ചേര്‍ന്നു മുസ്ലിങ്ങളെ തകര്‍ക്കാന്‍ ഗൗരവത്തോടെയുള്ള നീക്കം നടത്തുന്നുണ്ട്. മതപ്രചാരണത്തിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതിനു നേരെ കണ്ണടച്ചു നില്‍ക്കില്ല. മറ്റു മുസ്ലിം സംഘടനകളുമായും മത സംഘടനകളുമായി ചേര്‍ന്ന് ഇതിനെ ചെറുത്തില്ലെങ്കില്‍ ഭരണഘടനാപരമായി മതവിശ്വാസം പുലര്‍ത്താനോ മതപ്രചാരണം നടത്താനോ പറ്റാത്ത സാഹചര്യമുണ്ടാകും. ഏതു യുഎപിഎ ചുമത്തിയാലും ഖുറാനിലും ഹദീസിലുമുള്ള പാഠങ്ങള്‍ പഠിപ്പിക്കാതിരിക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ലെന്നു പിണറായി സര്‍ക്കാര്‍ മനസിലാക്കണം. എന്‍ഐഎയുടെ പ്രവര്‍ത്തനം സുതാര്യമാണോയെന്നു പരിശോധിക്കണമെന്നും കെ.പി.എ.മജീദ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button