തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ പിടിപ്പ്‌കേട് കാരണം പദ്ധതി നടത്തിപ്പില്‍ വന്‍വീഴ്ച സംഭവിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം അവശേഷിക്കേ പദ്ധതി തുകയുടെ 32.44% തുക മാത്രമേ ചിലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇടതു സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ സാക്ഷി പത്രമാണിത്. 24000 കോടിയുടെ വാര്‍ഷിക പദ്ധതിയില്‍ ഇത് വരെ ചിലവാക്കിയത് വെറും 7784.69 കോടി രൂപ മാത്രമാണ്.
പല വകുപ്പുകളും നാമമാത്രമായ തുകയേ ഇതിനകം ചിലവഴിച്ചിട്ടുള്ളൂ. റേഷന്‍ വിതരണം താറുമാറാവുകയും മാര്‍ക്കറ്റില്‍ അരിവില കുതിച്ചുയരുകയും ചെയ്തിട്ടും ഭക്ഷ്യ സിവില്‍ സപ്‌ളൈസ് വകുപ്പ് ഉറക്കത്തിലാണ്. കേവലം 6.83% തുക മാത്രമാണ് അവര്‍ ഇത് വരെ ചിലവാക്കിയിട്ടുള്ളത്. വകുപ്പ് മന്ത്രി തിലോത്തമന്‍ രാഷ്ട്രീയം പ്രസംഗിച്ച് നടക്കുന്നതല്ലാതെ ഭരണകാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നില്ല.
തദ്ദേശ സ്വയംഭരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇടതു നേതാക്കള്‍ വാതോരാതെ പ്രസംഗിക്കുമെങ്കിലും പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നഗരസഭകളുടെയും പദ്ധതി നിര്‍വഹണം ഈ സര്‍ക്കാരിന് കീഴില്‍ അവതാളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി തുകയില്‍ കേവലം 11.73% മാത്രമേ ഇത് വരെ ചിലവാക്കിയിട്ടുള്ളൂ. 5500 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളതെങ്കിലും ഇത് വരെ ചിലവാക്കിയത് വെറും 645.12 കോടി രൂപ മാത്രമാണ്. ഇടതു മുന്നണിയുടെ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ഇത് തെളിയിക്കുന്നു.
പരിസ്ഥിതി(19.61%), പ്ലാനിംഗ്(13.98%), ആഭ്യന്തരം(6.5%), തുറമുഖം(14.15%), നികുതി(18.24%), ട്രാന്‍സ്‌പോര്‍ട്ട് (22.14%), ആയുഷ്(24.32), റവന്യൂ(29.98%) തുടങ്ങി മിക്ക വകുപ്പുകളിലും പദ്ധതി നിര്‍വഹണം വെള്ളത്തിലായിരിക്കുകയാണ്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു മാസമേ അവശേഷിക്കുന്നുള്ളൂ. ഇതിനുള്ളില്‍ പദ്ധതി തുക ഇനി എത്ര ചിലവഴിക്കാന്‍ കഴിയുമെന്ന് കണ്ടറിയണം. പദ്ധതി നടത്തിപ്പിന് ശ്രദ്ധാപൂര്‍വ്വം മേല്‍നോട്ടം വഹിക്കേണ്ട ധനകാര്യമന്ത്രി തോമസ് ഐസക്ക് എങ്ങിനെ പദ്ധതി നടപ്പാക്കാതിരിക്കാം എന്നതിലാണ് ഗവേഷണം നടത്തുന്നതെന്ന് പരാതി പറയുന്നത് സഹപ്രവര്‍ത്തകരായ മന്ത്രിമാര്‍ തന്നെയാണ്. ആവശ്യത്തിന് തുക നല്‍കുന്നില്ലെന്ന് എല്ലാ വകുപ്പുകള്‍ക്കും പരാതിയാണ്.
അടുത്ത രണ്ടു മാസത്തിനുള്ളില്‍ എങ്ങനെയെങ്കിലും കാട്ടിക്കൂട്ടി ചിലവ് ചെയ്യാനും അഴിമതിയ്ക്ക് അവസരമൊരുക്കാനുമാണ് ഉദ്ദേശമെങ്കില്‍ അത് നടപ്പില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നിയിപ്പ് നല്‍കി.
Post Your Comments