
സെൽഫി കൊണ്ട് കോടീശ്വരനായ ഒരാളാണ് ഇന്‍സ്റ്റഗ്രാം ആപ്പ് വികസിപ്പിച്ചെടുത്ത കെവിന് സിസ്ട്രോം. കൗമാരകാലത്ത് കൂട്ടുകാരെ കളിപ്പിക്കാനായി അവരുടെ എഒഎൽ ഇൻസ്റ്റന്റ് മെസഞ്ചർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തായിരുന്നു കെവിന്റെ തുടക്കം.കോളേജ് കാലത്താണ് സഹോദരങ്ങള്‍ക്ക് പരസ്പരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യാനായി ഫോട്ടോസൈറ്റ് കെവിൻ ഉണ്ടാക്കുന്നത്. ഒരിക്കല്‍ ഫ്ലോറന്‍സില്‍ പോയ സമയത്ത് ഒരു ഇറ്റാലിയന്‍ പ്രൊഫസര്‍ കെവിന് ‘ഹോള്ഗ’ എന്ന പേരിലുള്ള ഒരു ക്യാമറ കാണിച്ചു കൊടുത്തു. അങ്ങനെ ഫോട്ടോഗ്രാഫി എന്ന ലോകത്തിലേയ്ക്ക് കെവിൻ കാലെടുത്ത് വെക്കുകയായിരുന്നു.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ പഠനകാലത്ത് ഗൂഗിളിലെ മാര്‍ക്കറ്റിംഗ് ജോലി കെവിനെ തേടിയെത്തി. അവിടെ വച്ചാണ് വലിയ ടെക് ഡീലുകളെക്കുറിച്ചും അവയില്‍ നിന്ന് കാശുണ്ടാകുന്നതെങ്ങനെ എന്നുമൊക്കെ കെവിന് മനസിലാക്കുന്നത്. പിന്നീട് സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ഉദ്യമം ആരംഭിച്ചു. ഒഴിവുസമയങ്ങളില്‍ ജോലി ചെയ്ത് ലൊക്കേഷന്‍ ബേസ് ചെയ്തുള്ള ഒരു ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചു. താന്‍ ഭാവിയില്‍ തുടങ്ങാൻ പോകുന്ന സംരംഭത്തിന് ബർബൻ എന്നായിരുന്നു കെവിൻ നൽകിയ പേര്. തന്റെ ഐഡിയ ഒരു പാര്‍ട്ടിയില്‍ വച്ച് കെവിന് വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ സ്റ്റീവ് ആന്‍ഡേഴ്സനോട് പറഞ്ഞു. അദ്ദേഹം സഹായിക്കാമെന്നേറ്റത്തോടെ ബർബൻ എന്ന സംരംഭം പിറന്നു. അങ്ങനെ വികസിപ്പിച്ചെടുത്ത ഫോട്ടോ ആപ്പ് ആദ്യമായി ഐഫോണില്‍ പരീക്ഷിച്ചു. ഐഫോണ്‍ 4ലായിരുന്നു ആദ്യപരീക്ഷണം. ഇന്‍സ്റ്റന്റ് ടെലിഗ്രാം’ എന്ന് കെവിന് അതിനെ വിളിച്ചു. പിന്നീടത് ഇന്‍സ്റ്റഗ്രാമായി മാറി.
ആദ്യത്തെ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം കാല് ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സൈനപ്പ് ചെയ്തത്. ഒന്‍പതു മാസങ്ങള്‍ കൊണ്ട് ഇന്സ്റ്റഗ്രാമിന് ഏഴു മില്ല്യന്‍ ആളുകള്‍ ഉപഭോക്താക്കളായി മാറി. ലോഞ്ച് ചെയ്ത് വെറും രണ്ടു വര്‍ഷമായപ്പോള്‍ 2012 ഏപ്രില്‍ മാസത്തില്‍ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം ഏറ്റെടുത്തു. 2016 ലെ അവസാനത്തെ റിപ്പോർട്ടുകൾ പ്രകാരം ഇൻസ്റ്റഗ്രാമിന്റെ വരുമാനം 3.2 ബില്ല്യൺ ഡോളറാണ് ( ഏകദേശം 21,832 കോടി രൂപ). ഫെയ്സ്ബുക്ക് വരുമാനത്തിന്റെ പ്രധാന പങ്കും വരുന്നത് ഇൻസ്റ്റഗ്രാമിൽ നിന്നു തന്നെയാണ്.
Post Your Comments