തിരുവനന്തപുരം: ധന്വന്തരിയും ചരകനുമൊക്കെ തുറന്നുതന്ന ചികിത്സാപാതയിൽ ഔഷധ സസ്യങ്ങൾക്കും പച്ചിലമരുന്നുകൾക്കുമുള്ള സ്ഥാനം വളരെയേറെ വലുതാണ്.പല അത്ഭുത മരുന്നുകളുടെയും ഉറവിടം സസ്യങ്ങളാണ്. നമ്മുടെ ചുറ്റുപാടുമുള്ള എത്രയോ ചെടികളും മരങ്ങളും ഔഷധഗുണമുള്ളവയാണ്.എന്നാൽ നാം അതൊന്നും തിരിച്ചറിയാതെ പോകുന്നു.നാട്ടുചികിത്സയും നാട്ടറിവുകളും മറവിയിലേക്ക് മാഞ്ഞുപോകുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളേയും അവയുടെ ഉപയോഗത്തേയുംപറ്റി ഒരു ഓർമപ്പെടുത്തൽ നടത്തുകയാണ് കണ്ണശ്ശ മിഷൻ ഹൈസ്കൂൾ.
സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങൾ ‘അഗസ്ത്യ ഹൃദയമെന്ന ‘ പേരിൽ ഔഷധ സസ്യങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന വേറിട്ട പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്..ആടലോടകം ,കുറുന്തോട്ടി ,,തഴുതാമ തുടങ്ങി നിരവധി ഔഷധ സസ്യങ്ങളാണ് അഗസ്ത്യ ഹൃദയത്തിലുള്ളത്.വിദ്യാർത്ഥികളുടെ പരിശ്രമം അഗസ്ത്യ ഹൃദയത്തെ ഔഷധ സസ്യങ്ങളുടെ വിളനിലമാക്കിയിരിക്കുകയാണ്. ആയൂർവ്വേദത്തിലെ ഒറ്റമൂലികൾ,ചികിത്സാരീതികൾ ,പച്ചമരുന്നുകളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ ,ആയുർവേദ ആചാര്യന്മാരുടെ ജീവിത രേഖകളെക്കുറിച്ചുള്ള വിവരണങ്ങളും ഇവിടുണ്ട്.ഔഷധ സസ്യങ്ങളുടെ ഗുണങ്ങളും അവ കൊണ്ടുള്ള പ്രയോജനങ്ങളും പുത്തൻ തലമുറക്ക് പകർന്നുകൊണ്ട് മാതൃകയായിരിക്കുകയാണ് കണ്ണശ്ശ മിഷൻ ഹൈസ്കൂൾ .
Post Your Comments