ലണ്ടൻ: ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ട്യൂബ് സമരത്തിൽ ലണ്ടൻ നഗരം വലഞ്ഞു. ടിക്കറ്റ് ഓഫിസുകൾ അടച്ചുപൂട്ടുന്നതിലും ജീവനക്കാരെ കുറയ്ക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സെൻട്രൽ ലണ്ടനിലെ ബസുകളിലെല്ലാം ഇന്നലെ രാവിലെയും വൈകുന്നേരവും നല്ല തിരക്കായിരുന്നു. ബസ് സ്റ്റോപ്പുകളിലെ ക്യൂവും പതിവില്ലാത്ത കാഴ്ചയായി. മാത്രമല്ല വിവിധ ആവശ്യങ്ങൾക്കായി എല്ലാവരും കാറുമായി ഇറങ്ങിയതോടെ നഗരത്തിലേക്കുള്ള റോഡുകളെല്ലാം വാഹനങ്ങൾകൊണ്ട് നിറഞ്ഞു.
വൈകിട്ട് ആറുവരെയായിരുന്നു സമരം. പക്ഷെ രാത്രി വൈകിയും സർവീസുകൾ സാധാരണ നിലയിലായില്ല. നഗരത്തിലെ 160 അണ്ടർ ഗ്രൗണ്ട് ട്രെയിൻ സ്റ്റേഷനുകളാണ് അടഞ്ഞുകിടന്നത്. ഡിസ്ട്രിക്ട്, സർക്കിൾ, പിക്കാഡലി ലൈനുകളിൽ മാത്രമാണ് വലിയ മുടക്കമില്ലാതെ സർവീസ് നടന്നത്. ട്യൂബ് സമരം നഗരത്തിലെ ബിസിനസിനെയും സാരമായി ബാധിച്ചു. ഒറ്റദിവസംകൊണ്ട് ബിസിനസ് മേഖലയ്ക്കുണ്ടായ നഷ്ടം 300 മില്യൺ പൗണ്ടാണെന്നാണ് വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ അവകാശവാദം.
എന്നാൽ യൂണിയനുകൾ നടത്തിയത് തികച്ചും അനാവശ്യമായ സമരമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആരോപിച്ചു. സമരത്തിനു മുതിരാതെ രമ്യമായ പ്രശ്നപരിഹാരത്തിന് കൂടുതൽ ചർച്ചയ്ക്ക് തയാറാകുകായിരുന്നു യൂണിയനുകൾ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments