നാദാപുരം: ജിഷ്ണുവിന്റെ അമ്മയ്ക്ക് ആശ്വാസമേകി അസ്മിൻ. ഏറെ നേരം ജിഷ്ണുവിന്റെ അമ്മയ്ക്കരുകിൽ ഇരുന്ന അസ്മിൽ വീട്ടിൽ പോയി വേഗം വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോൾ ആ അമ്മ പറഞ്ഞത് ഇത്ര മാത്രം ‘ ബൈക്കുമെടുത്താണോ പോകുന്നത്?, ശ്രദ്ധിച്ച് ഓടിക്കുമോ മോനേ?’സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിൽ നിന്ന് അസ്മിൽ പുറത്തേക്കിറങ്ങുമ്പോൾ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകൻ ഇതാണെന്നു പറഞ്ഞു അസ്മിലിനു തുരുതുരാ മുത്തം നൽകി.
കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിഞ്ഞു. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണുവും കുയ്തേരിയിലെ കുനിയിൽ അമ്മദിന്റെ മകനായ അസ്മിലും തമ്മിലുള്ള സൗഹൃദം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പഠന കാലത്തു തുടങ്ങിയതാണ്. ഒരു മകനും ഒരു മകളും മാത്രമുള്ള കിണറുള്ള പറമ്പത്ത് അശോകനും മഹിജയ്ക്കും മകനെപ്പോലെയായിരുന്നു അസ്മിൽ.
ജിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ അസ്മിൽ ഇപ്പോൾ ഉള്ളിയേരിയിൽ എംഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്. ജിഷ്ണു മരിച്ചെന്നറിഞ്ഞതും ഓടിക്കിതച്ച് വളയം പൂവംവയലിലെ വീട്ടിൽ എത്തിയ അവിടെത്തന്നെ ഇരുന്നു. അസ്മിലിനെ ഇടയ്ക്കിടെ ജിഷ്ണുവിന്റെ അമ്മ മഹിജ വിളിക്കും. തന്റെ അരികിൽ അവനുണ്ടെന്ന് ഉറപ്പു വരുത്തും. പാമ്പാടി കോളജിൽ നിന്ന് ജിഷ്ണുവിന്റെ അന്ത്യ ചടങ്ങുകൾക്കെത്തിയ ഒരു സംഘം വിദ്യാർഥികൾ നേരം ഇരുട്ടിയിട്ടും പൂവംവയലിലെ വീട്ടിൽ തന്നെ നിന്നു.
Post Your Comments