തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ജിഷ്ണുവിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കോളേജധികൃതര്‍ തയ്യാറാകാത്തതാണ് മരണത്തിന് കാരണമെന്ന് സഹപാഠികള്‍ പറയുന്നു. നാട്ടുകാരും ബന്ധുക്കളും ശക്തമായ നിയമനടപടികള്‍ക്കും കോളേജിനു മുന്നിലുള്ള പ്രക്ഷോഭത്തിനും തയ്യാറെടുക്കുകയാണ്.
തൂങ്ങിനിന്നിരുന്ന ജിഷ്ണുവിനെ കയറില്‍ നിന്ന് വേര്‍പെടുത്തിയപ്പോള്‍ ജീവനുണ്ടായിരുന്നു. പക്ഷെ ആശുപത്രിയിലെത്തിക്കാന്‍ കോളേജധികൃതര്‍ വിമുഖത കാട്ടി. ജിഷ്ണുവിനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം പതിനഞ്ചുകിലോമീറ്ററോളം അകലെയാണ് കൊണ്ടുപോയത്. ഈ കാലതാമസം മരണകാരണമായി സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ട മര്‍ദനത്തിന്റെ പാടുകളും ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ആശുപത്രിയിലെത്തിച്ച ശേഷം കോളേജധികൃതര്‍ ഉടനെ സ്ഥലം വിട്ടു. ജിഷ്ണുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോളേജ് പ്രതിനിധികളാരും എത്തിയിരുന്നില്ല. കോളേജിന്റെ പേരില്‍ ഒരു റീത്ത് പോലുമില്ലായിരുന്നു. ഇതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
നാദാപുരം വളയം ഗ്രാമം ജിഷ്ണുവിന്റെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ്. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മുതല്‍ തളര്‍ന്നുകിടക്കുകയാണ് ജിഷ്ണുവിന്റെ അമ്മ. ആ അമ്മക്ക് പറയാന്‍ ഒന്നേയുള്ളൂ. ഇനിയൊരു ജിഷ്ണുവുണ്ടാകാതിരിക്കാന്‍ ജനം ഒറ്റക്കെട്ടായി പ്രതികരിക്കണം. രക്ഷിതാക്കളെപ്പോലും കോളേജിനുള്ളിലേക്ക് കയറാനനുവദിക്കാത്തതുള്‍പ്പെടെ തീര്‍ത്തും ദുരൂഹവും മോശവുമായ നിലപാടാണ് കോളേജധികൃതര്‍ സ്വീകരിച്ചിരുന്നതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. നീതി കിട്ടിയില്ലെങ്കില്‍ കോളേജിനു മുന്നിലേക്ക് നാട്ടുകാര്‍ സമരം വ്യാപിപ്പിക്കും.
Post Your Comments