പാലക്കാട്: വിജിലൻസ് ഡയറക്ടർക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. സി.പി.എം നൽകിയ ചുവപ്പുകാർഡുമായി കളിക്കുന്ന വിജിലൻസ് ഡയറക്ടർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു നീക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തു തികഞ്ഞ അരാജകത്വമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നിലും ഒരു നിയന്ത്രണവുമില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ശക്തമായ ഭരണാധികാരിയാകുമെന്നു പ്രചാരണം നടത്തി അധികാരത്തിലേറിയ പിണറായി വിജയന് ഒന്നും ചെയ്യാനാകുന്നില്ല.
ഐ.എ.എസുകാർ ശ്രമിക്കുന്നത് ഭരണകൂടത്തെ ഭീഷണിപ്പെടുത്തി അഴിമതി അന്വേഷണം ഇല്ലാതാക്കാനാണ്. രാഷ്ട്രീയ നേതാക്കൾ പ്രതികളായ കേസുകളിൽ വിജിലൻസ് അന്വേഷണം സ്തംഭിപ്പിച്ചു. ബന്ധുനിയമന വിവാദത്തിൽ അന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തെ നിയമനങ്ങൾ കൂടി അന്വേഷിച്ചാൽ പിണറായി വിജയനിലേക്കും നീങ്ങും.
നികുതി പിരിക്കാത്തതിനാൽ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. തോമസ് ഐസക്കിനെ ധനമന്ത്രി സ്ഥാനത്തു നിർത്തി സംസ്ഥാനത്തിനു മുന്നോട്ടുപോകാനില്ല. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു മാറ്റണമെന്ന ഗീതാ ഗോപിനാഥിന്റെ ഉപദേശം സ്വീകരിക്കുകയാവും മുഖ്യമന്ത്രിക്കു നല്ലത്. ജിഎസ്ടി പോലും തടസപ്പെടുത്തി സംസ്ഥാനത്തു കേന്ദ്രവിരുദ്ധ വികാരം ശക്തിപ്പെടുത്താനാണു തോമസ് ഐസക്കിന്റെ നീക്കം. പാമ്പാടി കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും കേസ് ഒതുക്കാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
Post Your Comments