മസ്‌കറ്റ്: ഒമാനില്‍ കുടുംബവിസ ലഭിക്കുന്നതിനുള്ള ശമ്പള പരിധി 600 റിയാലായി തുടരും. അടിസ്ഥാന ശമ്പളപരിധി കുറച്ചുകൊണ്ട്, കൂടുതല്‍ വിദേശികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരാന്‍ അവസരമൊരുക്കണമെന്ന് മജ്‌ലിസ് ശൂറ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി റോയല്‍ ഒമാന്‍ പൊലീസാണ് തീരുമാനമറിയിച്ചത്.
2013ലാണ്, കുടുംബ വിസ ലഭിക്കുന്നതിന് 600 ഒമാനി റിയാല്‍ അടിസ്ഥാന വേതനം ആക്കികൊണ്ടു റോയല്‍ ഒമാന്‍ പോലീസ് ഉത്തരവിറക്കിയത്.ഇതു പ്രവാസി മലയാളികളെ കൂടാതെ മറ്റു വിദേശികളെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഈ നിയമം ലഘൂകരിക്കണമെന്നും ശമ്പള പരിധി കുറക്കണമെന്നും പൊതുസമൂഹത്തില്‍ ആവശ്യം ഉയര്‍ന്നു വന്നു. ശമ്പള പരിധി കുറയ്ക്കുന്നത് മൂലം കൂടുതല്‍ വിദേശികള്‍ക്ക് കുടുംബവിസ ലഭ്യമാകുകയും കുടുംബങ്ങള്‍ ഒമാനില്‍ എത്തി,തങ്ങളുടെ വരുമാനം രാജ്യത്തു ചെലവഴിക്കുമെന്നായിരുന്നു മജ്‌ലിസ് ശൂറയുടെ വിശദീകരണം.
എന്നാല്‍, മന്ത്രിസഭാ കൗണ്‍സില്‍ നിയമിച്ച സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബവിസ ലഭിക്കുന്നതിന് ചുരുങ്ങിയ ശമ്പളം 600 ഒമാനി റിയാലാക്കിയതെന്നും ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വിദേശികള്‍ തങ്ങളുടെ നാടുകളിലേക്ക് അയച്ച തുക 2.13 ശതകോടി ഒമാനി റിയാലാണ്.
എണ്ണവില കുറഞ്ഞതുമൂലം തൊഴില്‍ നഷ്ടവും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും മറ്റും മുന്നില്‍ക്കണ്ട് കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്ന മലയാളികളടക്കം വിദേശികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കുടുംബങ്ങളുടെ കുറവ് ചെറുകിട വ്യാപാര സ്ഥാപനങ്ങളെയും, പാര്‍പ്പിട മേഖലയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
Post Your Comments