Kerala

കേരള പൊലീസിന് പുതിയ വെബ്‌സൈറ്റ്; എഫ്.ഐ.ആറിന്റെ പകര്‍പ്പ് എടുക്കാം; ട്രാഫിക് പിഴ അടയ്ക്കാനും സംവിധാനം

തിരുവനന്തപുരം: കൂടുതല്‍ വിവരങ്ങളുമായി പുതിയ രൂപകല്പനയില്‍ പരിഷ്‌കരിച്ച കേരള പൊലീസിന്റെ വെബ്‌പോര്‍ട്ടല്‍ നിലവില്‍വന്നു. www.keralapolice.gov.in വിലാസത്തില്‍ കേരള പോലീസ് സംസ്ഥാനതല വെബ്‌സൈറ്റും ജില്ലാതല വെബ്‌സൈറ്റുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ വെബ്‌പോര്‍ട്ടല്‍. കേരള പൊലീസിന്റെ ചരിത്രം, പൊലീസ് സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, പുതിയ പൊലീസ് സംരഭങ്ങളും പദ്ധതികളും, പൊതുജനങ്ങള്‍ അറിയേണ്ട പൊതു വിവരങ്ങള്‍, പൊലീസിന്റെ വിവിധ വിഭാഗങ്ങള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍, പ്രധാന നിയമങ്ങളും ചട്ടങ്ങളും, പൊലീസുമായി ബന്ധപ്പെട്ട അപേക്ഷ ഫോമുകള്‍, പൊലീസ് ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, പത്രക്കുറിപ്പുകള്‍, പുതിയ പരിപാടികള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം പുതിയ വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്.

15934670_1729914600656894_1186914136_n

ഓണ്‍ലൈന്‍ വഴി എഫ്.ഐ.ആര്‍.ന്റെ പകര്‍പ്പ് എടുക്കുന്നതിനും പരാതികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ വഴി അറിയുന്നതിനും സി.സി.ടി.വി. ക്യാമറാ നിരീക്ഷണപ്രകാരമുള്ള ട്രാഫിക് കുറ്റകൃത്യങ്ങളുടെ പിഴ അടയ്ക്കുന്നതിനും പുതിയ വെബ്‌പോര്‍ട്ടലില്‍ സംവിധാനമുണ്ട്. ഇതോടൊപ്പമാണ് എല്ലാ ജില്ലകള്‍ക്കുമുള്ള വെബ്‌പോര്‍ട്ടലുകളും നിലവില്‍ വരുന്നത്. വിവരങ്ങള്‍ ചേര്‍ക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നതിനും കൂടുതല്‍ സൗകര്യപ്രദമായ കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലാണ് വെബ്‌പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊലീസിന്റെ ജില്ലാതല വെബ്‌സൈറ്റുകളില്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലുള്ള രൂപകല്‍പ്പനയും ഉള്ളടക്കവും ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വൈബ്‌സൈറ്റുകള്‍ പുതിയ രൂപത്തിലാക്കിയത്. എല്ലാ ജില്ലകളിലെയും വെബ്‌സൈറ്റുകള്‍ക്ക് ഇതോടെ പൊതുവായ രൂപകല്പനയും നിലവില്‍ വന്നു.

നേരത്തേ വെബ്‌സൈറ്റുകള്‍ നിലവിലില്ലാതിരുന്ന ജില്ലകള്‍ക്കും ഇതോടെ വൈബ്‌സൈറ്റുകള്‍ തയ്യാറായിട്ടുണ്ട്. ഇതൊടൊപ്പം പൊലീസിന്റെ വിവിവധ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക വെബ്‌സൈറ്റുകളുടെ ലിങ്കുകളും പുതിയ പോര്‍ട്ടലില്‍ ലഭിക്കും. സംസ്ഥാന ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് കമ്പ്യൂട്ടര്‍ സെന്റര്‍ വിഭാഗമാണ് പുതിയ സൈറ്റിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. വെബ്‌സൈറ്റുകള്‍ പരിശോധിച്ച് പൊലീസ് ആസ്ഥാനത്തെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കാലികമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനും എസ്.സി.ആര്‍.ബി. രണ്ടാഴ്ച്ച നീണ്ടുനിന്ന വര്‍ക്‌ഷോപ്പ് നടത്തിയിരുന്നു. വെബ്‌സൈറ്റ് പരിഷ്‌കരിച്ചതിന് പുറമേ കൂടുതല്‍ ഓണ്‍ലൈന്‍ സംരഭങ്ങള്‍ വൈകാതെ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button