പട്ന : ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പോടെ കടുത്ത രാഷ്ട്രീയ ശത്രുക്കളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വൈരം ഇല്ലാതാകുന്നു. ബിഹാറിലെ പട്നയില്‍ സിഖ് ഗുരു ഗോബിന്ദ് സിങ്ങിന്റെ 350-ാം ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വേദി പങ്കിട്ടുകൊണ്ടാണ് രാഷ്ട്രീയ വൈരം മറന്ന് ഇരുനേതാക്കളും പരസ്പരം പുകഴ്ത്തിയത്. സര്‍വകോണുകളില്‍നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടും ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്താന്‍ നിതീഷ് കുമാര്‍ കാണിച്ച ഇച്ഛാശക്തി അനുകരണീയമാണെന്ന് മോദി പറഞ്ഞു.
ഈ ദൗത്യം തുടര്‍ന്നുകൊണ്ടുപോകേണ്ടത് നിതീഷ് കുമാറിന്റെ മാത്രം ചുമതലയല്ലെന്നും ബിഹാര്‍ ജനത ഒന്നടങ്കം ഈ മാറ്റത്തെ ഏറ്റെടുക്കണമെന്നും മോദി ആഹ്വാനം ചെയ്തു. ബിഹാറില്‍ ഈ നയം വിജയകരമാകുന്ന പക്ഷം, ഇത് രാജ്യത്തിന് മുഴുവന്‍ പ്രചോദനമായിത്തീരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക മാറ്റമെന്നത് അത്രവേഗം ദഹിക്കുന്ന ഒന്നല്ല. എന്നിട്ടും, ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതില്‍ മാതൃകാപരമായ ഇച്ഛാശക്തിയാണ് നിതീഷ് കുമാര്‍ പ്രകടിപ്പിച്ചതെന്ന് മോദി പറഞ്ഞു.
രാജ്യവ്യാപകമായി ഏറെ പഴികേട്ട മോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് നിതീഷ് കുമാര്‍. രാജ്യത്ത് ഉടലെടുത്ത നോട്ടു പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് നിതീഷ് കുമാറിന്റെ നിലപാട് തിരിച്ചടിയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് വിജയകരമായി മദ്യനിരോധനം നടപ്പാക്കിയതിനും നിതീഷ് കുമാര്‍ മോദിയെ പുകഴ്ത്തിയിരുന്നു.
Post Your Comments