മ്യാന്മാറില്‍ നിന്നുമുള്ള പീഡനത്തിൽ നിന്ന് മോചിതരാവാൻ വേണ്ടി രോഹിന്‍ഗ്യ മുസ്ലിം കുടുംബം പലായനം ചെയ്തു. പക്ഷെ വിധി അവരെ തളർത്തി. ആ കുടുംബത്തിലെ 16 മാസം മാത്രം പ്രായമുള്ള പിഞ്ച് കുഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടു. ഈ 16 മാസമുള്ള കുഞ്ഞിന്റെ ചിത്രം ഇപ്പോള്‍ ലോകം വേദനയോടെയാണ് ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഈ കുഞ്ഞിന്റെ ജഡം കാണുമ്പോൾ 2015 സെപ്റ്റംബറിൽ നമ്മളെയെല്ലാം കണ്ണീരിലാഴ്ത്തിയ അലൻ കുര്‍ദിയെന്ന മൂന്ന് വയസുകാരനായ സിറിയന്‍ ബാലന്റെ ദുരന്തത്തിന്റെ ഓര്‍മയാണ് പുതുക്കപ്പെടുന്നത്.
16 മാസം മാത്രം പ്രായമുള്ള ഈ കുഞ്ഞിന്റെ പേര് മുഹമ്മദ് ഷൊഹായറ്റ് എന്നാണ്. തന്റെ കുടുംബത്തോടൊപ്പം മ്യാന്മാറിലെ രാഖിനെ സ്റ്റേറ്റില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യവെയാണ് ഈ കുഞ്ഞ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി മ്യാന്മാറിലെ ചില ബുദ്ധമതക്കാരില്‍ നിന്നും സൈന്യത്തില്‍ നിന്നും പീഡനമേറ്റ് തികച്ചും നരകസമാനമായ ജീവിതമാണ് ഇവിടുത്തെ രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ നയിച്ച് വരുന്നത്. ഇവയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് അവര്‍ ഇവിടെ നിന്നും പലായനം ചെയ്യുന്നത്. മുഹമ്മദ് തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം നാഫ് നദി മുറിച്ച് കടന്ന് ബംഗ്ലാദേശിലെത്താന്‍ ശ്രമം നടത്തുന്നതിനിടെയാണ് ബോട്ട് മുങ്ങി മരിച്ചത്.തുടര്‍ന്ന് ഈ ആണ്‍കുഞ്ഞിന്റെ മൃതദേഹം പുഴത്തീരത്തെ ചെളിയില്‍ അടിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന പീഡനത്തിന്റെയും നരകയാതനകളുടെയും പ്രതീകമായും ഈ ചിത്രത്തെ ലോകം ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രോഹിന്‍ഗ്യ മുസ്ലീങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിലേക്ക് ഇനിയെങ്കിലും ലോകം ശ്രദ്ധ തിരിക്കണമെന്ന് മുഹമ്മദിന്റെ പിതാവ് സഫോര്‍ അലം വേദനയോടെ ആവശ്യപ്പെടുന്നു. തന്റെ മകന്‍ മരിച്ച് കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ ഇതിലും ഭേദം താന്‍ മരിക്കുന്നതായിരുന്നുവെന്ന് തോന്നിയെന്നും സഫോര്‍ പറയുന്നു.
Post Your Comments